1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

സ്വന്തം ലേഖകന്‍: കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി. അദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിരുത്തി. എട്ട് മാസം മുമ്പാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരായ ഗൂഢാലോചനാ കുറ്റം ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്.

ഒരു കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യരുത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. സി ബി ഐ ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം. കുറ്റകൃത്യം നടന്ന കാലയളവും കൈമാറ്റം ചെയ്യപ്പെട്ട പണവും കണക്കിലെടുക്കുമ്പോള്‍ കേസുകള്‍ വെവ്വേറെ കാണേണ്ടിവരുമെന്ന് ഹൈക്കോടതി വിധിയെ എതിര്‍ത്ത് സുപ്രീം കോടതിയെ സി ബി ഐ ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാലുവിനെ വെട്ടിലാക്കുന്ന വിധിയുണ്ടായിരിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവ് വീണ്ടും നിയമനടപടികള്‍ നേരിടേണ്ടിവരും. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമം തുടങ്ങിയ ലാലുവിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.

1996 ജനുവരി 27ന് ചൈബാസ കൃഷി സംരക്ഷണ വകുപ്പിന്റെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ 950 കോടി രൂപ കാലിത്തീറ്റ വിതരണത്തിനായി വ്യാജ കമ്പനികളുടെ പേരില്‍ കൈമാറിയതിന്റെ ട്രഷറി രേഖകള്‍ കണ്ടെത്തുന്നതോടെയാണ് പ്രമാദമായ കാലിത്തീറ്റ കുംഭകോണ കേസ് ആരംഭിക്കുന്നത്. ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. സി ബി ഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് യാദവ് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.