1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

സ്വന്തം ലേഖകന്‍: ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി സ്റ്റീഫന്‍ പാഡക് തന്റെ റൂമിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളര്‍ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

കൃത്യം നിര്‍വഹിക്കുമ്പോള്‍ ആരെങ്കിലും തനിക്കെതിരെ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതിനിടെ, ഫിലിപ്പീന്‍സിലായിരുന്ന പാഡക്കിന്റെ കാമുകി മരീലോ ഡാന്‍ലിയെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.എസില്‍ തിരിച്ചെത്തിയ 62കാരിയായ ഇവരെ ലോസ് ആഞ്ജലസ് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് കൂട്ടക്കൊലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

റിട്ട. അക്കൗണ്ടന്റും ചൂതാട്ടക്കാരനുമായ ഒരു 64 കാരന്‍ ഇത്ര ഭീകരമായ കൂട്ടക്കൊല നടത്താനുള്ള കാരണം കണ്ടെത്തല്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, നേരത്തെ വിലയിരുത്തിയ രൂപത്തിലുള്ള മാനസിക വിഭ്രാന്തി ഇയാള്‍ക്ക് ഉണ്ടായിരുന്നതിന് തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ വെളിപ്പെടുത്തി.

പതിനായിരം ഡോളര്‍ വരെ ഒരു ദിവസം ചൂതാട്ടത്തിലൂടെ സമ്പാദിക്കുന്ന പാഡക്കിന്റെ സാമ്പത്തിക ബന്ധങ്ങളും അന്വേഷണത്തിലാണ്. കൃത്യം നടത്തിയത് ഒറ്റക്കാണെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ നിഗമനം. ഫിലിപ്പീന്‍സിലെ മനിലയിലാണ് പാഡോക്കിന്റെ കാമുകിയായ മരിലോ ഡാന്‍ലേയുടെ താമസം. ചൂതാട്ടത്തിനായി 10 ലക്ഷം ഡോളര്‍ ഫിലിപ്പീന്‍സില്‍ പഡോക്ക് ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് ലാസ്‌വേഗാസിലെ മാന്‍ഡ ലേ ബേ ഹോട്ടലിന് സമീപമുണ്ടായ വെടിവെപ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.