1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2023

സ്വന്തം ലേഖകൻ: പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണി കിടക്കുന്ന 100 കോടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിടുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയുമായി ദുബായ് ഭരണാധികാരി വീണ്ടും. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘വണ്‍ ബില്യണ്‍ മീല്‍സ്’ കാമ്പയിന്‍ ഇത്തവണയും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

ലോകത്തിലെ ഓരോ പത്തില്‍ ഒരാളും പട്ടിണി കിടക്കുന്നവരാണെന്നും വരാനിരിക്കുന്ന ദശകങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് സുസ്ഥിരമായ രീതിയില്‍ ഭക്ഷണം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും ശെയ്ഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ‘സഹോദരന്മാരേ, വിശുദ്ധ മാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത്, റമദാനില്‍ നടത്താനിരിക്കുന്ന ‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്- അറബിയില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ശെയ്ഖ് മുഹമ്മദ് പറഞ്ഞു.

100 കോടി പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഈ എന്‍ഡോവ്മെന്റ് പദ്ധതിയിലൂടെ യുഎഇയിലെ ജനങ്ങള്‍ക്ക് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരാനും എല്ലാ നന്മകളും ഉറപ്പാക്കാനും സാധിക്കും. ദൈവം ആഗ്രഹിക്കട്ടെ’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ദാന്‍, ഇന്ത്യ, പാകിസ്താന്‍, ലെബനന്‍, കിര്‍ഗിസ്ഥാന്‍, അംഗോള, ഉഗാണ്ട എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്ര്യവും മൂലം പ്രതിസന്ധിയിലായ ജനവിഭാഗങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം കാമ്പയിന്‍ വഴി ഭക്ഷണമെത്തിക്കാന്‍ സാധിച്ചിരുന്നു.

2030-ഓടെ പട്ടിണി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള പാവപ്പെട്ട സമൂഹങ്ങള്‍ക്ക് സ്ഥിരമായ മാനുഷിക സഹായം നല്‍കാനുള്ള ആഗോള ആവശ്യത്തോടുള്ള പ്രതികരണമാണ് ദുബായ് ഭരണകൂടത്തിന്റെ വണ്‍ ബില്യണ്‍ മീല്‍സ് കാമ്പെയിനെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. റമദാന്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 കോടി പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് ക്യാംപയിന്‍ കഴിഞ്ഞ വര്‍ഷം ലക്ഷ്യം കണ്ടിരുന്നു.

ക്യാംപയിന്‍ പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പദ്ധതി ലക്ഷ്യം കണ്ടിരുന്നു. പ്രധാനമായും കുട്ടികള്‍, അഭയാര്‍ഥികള്‍, ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇരയായി പലായനം ചെയ്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. 3.2 ലക്ഷം വ്യക്തികളും സംഘനടകളും സ്ഥാപനങ്ങളും വ്യാപാരികളും പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.

ജനങ്ങളില്‍ നിന്ന് സമാഹരിച്ച 60 കോടി ഭക്ഷണപ്പൊതികള്‍ക്കൊപ്പം 40 കോടി ഭക്ഷണപ്പൊതികള്‍ ശെയ്ഖ് മുഹമ്മദ് സ്വന്തം നിലയ്ക്ക് സംഭാവന നല്‍കുകയായിരുന്നു. വെബ്‌സൈറ്റുകള്‍, ബാങ്ക് ട്രാന്‍സ്ഫറുകള്‍, എസ്എംഎസ്സുകള്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴിയാണ് പ്രധാനമായും സംഭാവനകള്‍ എത്തിയത്. അതോടൊപ്പം മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് വഴിയും നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും സഹായങ്ങളുമായെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.