
സ്വന്തം ലേഖകൻ: ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടുങ്ങി അപകടത്തില്‍ പെട്ട നായയെ രക്ഷിച്ച ജോണിന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ നിന്ന് നായയെ ജോണ്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.
യുഎസിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണ്‍. ലിഫ്റ്റില്‍ നിന്ന് ജോണ്‍ പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി തന്റെ പോമറേനിയന്‍ നായയുമായി ലിഫ്റ്റിന് സമീപത്ത് എത്തിയത്. നായയെ തുടലില്‍ കെട്ടിയാണ് കൊണ്ടു വന്നത്. ലിഫ്റ്റ് എത്തിയയുടന്‍ യുവതി അതിലേക്ക് കയറി. ലിഫ്റ്റിന്റെ വാതിലടയുകയും ചെയ്തു.
എന്നാല്‍ നായ ലിഫ്റ്റിന്റെ പുറത്ത് തന്നെയായിരുന്നു. യുവതിയുടെ കൈയിലായിരുന്നു നായയുടെ തുടലിന്റെ അറ്റം. ലിഫ്റ്റ് നീങ്ങുകയും ചെയ്തു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ജോണ്‍ നായയെ ഒന്നു നോക്കി നടന്നു നീങ്ങുകയായിരുന്നു. പെട്ടെന്നാണ് ലിഫ്റ്റിന്റെ വാതിലടഞ്ഞതും നായ പുറത്ത് തന്നെയുള്ളത് ജോണ്‍ കണ്ടത്.
പെട്ടെന്ന് തന്നെ ജോണ്‍ നായയെ തന്റെ കൈകള്‍ക്കുള്ളിലാക്കി അതിന്റെ കഴുത്തില്‍ നിന്ന് തുടല്‍ അഴിച്ച് സ്വതന്ത്രമാക്കി. അതിനെ കൈയിലെടുത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലിഫ്റ്റിന്റെ സ്വിച്ചമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ സിസിടിവി ക്യാമറാദൃശ്യം ജോണി തന്നെയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല