1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: 18 ദിവസം മാത്രം പ്രായമുള്ള ജോർജാണ് ഇപ്പോൾ ലെബനന് അതിജീവനത്തിന്റെ അടയാളം. ബെയ്റൂട്ടിനെ തകർത്തെറിഞ്ഞ ഇരട്ട സ്ഫോടനത്തിന്റെ സമയത്ത്, തകർന്ന ആശുപത്രിമുറിയിൽ മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ജനിച്ച ഈ കുഞ്ഞിനെ ലോകം പ്രത്യാശയുടെ കിരണമായാണ് കാണുന്നത്. തൂവെള്ളത്തുണിയിൽ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന അവന്റെ ചിത്രങ്ങൾ ഇന്നു വൈറലാണ്. സമൂഹമാധ്യമങ്ങളിലടക്കം അവ പ്രതീക്ഷയുടെ ആശംസാചിത്രങ്ങളാണ്.

ആഴ്ചകൾക്കു മുമ്പാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനങ്ങൾ നടന്നത്. അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്ന കെട്ടിടങ്ങളിൽ നടന്ന സ്ഫോടനം 180 പേരുടെ ജീവനെടുത്തു. 6000 ഓളം പേർക്കു പരുക്കേറ്റു. നഗരത്തിന്റെ വലിയൊരു ഭാഗത്തെ സ്ഫോടനം ബാധിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് കരളലിയിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ വിവാഹ ഫോട്ടോഷൂട്ട് നടത്തുന്ന വധു മുതൽ ഭാര്യയുടെ പ്രസവം ക്യാമറയിൽ പകർത്തുന്ന ഭർത്താവു വരെ ഉൾപ്പെടുന്നു. സ്ഫോടനത്തിന്റെ കാഴ്ചകളാണ് ഇവയുടെയെല്ലാം പശ്ചാത്തലം. അതിലൊന്നാണ് ജോർജിന്റെ ചിത്രം.

സ്ഫോടനം നടന്ന തുറമുഖത്തുനിന്ന് കഷ്ടിച്ച് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് ജോർജ് ഹോസ്പിറ്റലിലാണ് ഇമ്മാനുവല്ല ഖനൈസർ പ്രസവത്തിനായി പ്രവേശിക്കപ്പെട്ടത്. ഭർത്താവ് ‍എ‍ഡ്മണ്ട് ഖനൈസർ ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന്റെ ജനനം പകർത്താനായി എഡ്മണ്ട് ഭാര്യയെ പ്രസവമുറിയിലേക്കു കയറ്റുന്നതുമുതലുള്ള വിഡിയോ ഫോണിൽ എടുത്തുകൊണ്ടിരുന്നു. തന്റെ കുഞ്ഞ് ജനിച്ചുവീഴുന്ന നിമിഷങ്ങൾ ക്യാമറയിൽ പകർത്തണമെന്ന ആഗ്രഹം അയാളെ കൊണ്ടെത്തിച്ചതാകട്ടെ ലോകത്തെ ഞെട്ടിച്ച സ്ഫോടനം പകർത്തുന്നതിലും.

ഇടിമിന്നൽപോലെ എത്തിയ സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനലുകളും വാതിലുകളും തകർന്നു. ആശുപത്രിക്കെട്ടിടം കുലുങ്ങിവിറയ്ക്കുന്നതും ജനാലച്ചില്ലുകൾ തകരുന്നതുമടക്കം എഡ്മണ്ടിന്റെ വിഡിയോയിലുണ്ട്. ഇമ്മാനുവല്ലയുടെ ശരീരത്തിലേക്കു ജനൽച്ചില്ലുകൾ തകർന്നുവീണു പരുക്കേറ്റു. മേൽക്കൂരയുടെ ചില ഭാഗങ്ങളും അടർന്നു. അപ്പോഴേക്കും കുഞ്ഞ് പുറത്തേക്കു വരാറായിരുന്നു. സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിലെ വൈദ്യുതിബന്ധം തകരാറിലായി.

എന്നാൽ പ്രതിസന്ധികൾക്കിടയിലും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പകർന്ന ധൈര്യത്തിന്റെ ബലത്തിൽ ഇമ്മാനുവല്ല ഒരാൺകുഞ്ഞിന് ജന്മം നൽകി. മൊബൈൽ ഫോണിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിലാണ് ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും മറന്ന് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചത്. പ്രസവവേദനയ്ക്കൊപ്പം ദേഹം മുഴുവൻ ചില്ലുകൾ തറച്ചതിന്റെ വേദനയും ഇമ്മാനുവല്ല സഹിച്ചു.

“കെട്ടിടം കുലുങ്ങി വിറച്ചു. ചില്ലുകൾ എന്റെ ശരീരത്തിൽ തറച്ചുകയറി. മേൽക്കൂരയുടെ ചില ഭാഗങ്ങൾ പൊടിഞ്ഞു വീണു. അതൊന്നാകെ ഞങ്ങളുടെ മുകളിലേക്കു വീഴുമെന്നു ഭയന്നു. പക്ഷേ എന്റെ കുഞ്ഞിനു വേണ്ടി ഞാൻ ഭയക്കാതിരിക്കണമെന്ന് മനസ്സു പറഞ്ഞു. അങ്ങനെ ധൈര്യം സംഭരിച്ചു,” പിന്നീട് ഇമ്മാനുവല്ല മാധ്യമങ്ങളോടു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.