1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2023

സ്വന്തം ലേഖകൻ: ലിബിയയിൽ ഞായറാഴ്ച രാത്രി വീശിയടിച്ച ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേരെയെങ്കിലും കാണാതായതായി ലിബിയൻ നാഷനൽ ആർമി വക്താവ് അറിയിച്ചു. കാൽ ലക്ഷത്തോളം പേർ ഭവനരഹിതരായി. 2084 പേരുടെ മരണം സ്ഥിരീകരിച്ചതായി ലിബിയ റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.

മൂവായിരത്തിലേറെ പേർ മരിച്ചെന്ന് കിഴക്കൻ ലിബിയയിലെ ബെൻഗാസി ഭരണകൂടം അറിയിച്ചു. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർണ പട്ടണത്തിൽ, വാദി ഡെർണ നദിയിലെ 2 അണക്കെട്ടുകൾ തകർന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ജനവാസമേഖലകളാകെ ഇവിടെ തുടച്ചുനീക്കപ്പെട്ടു. ബെൻഗാസി, സോസെ, അൽ മാർജ് എന്നീ പട്ടണങ്ങളിലും പ്രളയം വൻനാശം വിതച്ചു.

ഡെർണ പട്ടണത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പ്രളയജലം കടലിലേക്കൊഴുകിയത്. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം വൈകുകയാണ്. ഡെർണയിൽ മാത്രം 2000 പേർ മരിച്ചതായാണ് വിവരം. ഇവിടെ ആയിരത്തിലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ബെൻഗാസി ഭരണകൂടം അറിയിച്ചു. 700 മൃതദേഹങ്ങൾ സംസ്കരിച്ചു.

എത്ര പേരെ കാണാതായിട്ടുണ്ടെന്നതിനെപ്പറ്റി വ്യക്തമായ കണക്കുകളില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിനു ശേഷം രാജ്യത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ച് വിവിധ നാട്ടുസേനകളുടെ നിയന്ത്രണത്തിൽ ഭരണം നടത്തുന്ന 2 സർക്കാരുകരാണ് ലിബിയയിലുള്ളത്.

പരസ്പരം ഏറ്റുമുട്ടുന്ന നാട്ടുസേനകളുടെ കീഴിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയാത്തതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. ട്രിപ്പോളിയിലെ ഔദ്യോഗിക ഭരണകൂടം കിഴക്കൻ മേഖലയെ ദുരന്തബാധിതമായി പ്രഖ്യാപിച്ച് അവിടേക്ക് സഹായമെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും സഹായം എത്തിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.