1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2023

സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇവിടേക്കുള്ള പ്രവേശനകവാടത്തിന് രണ്ടുപേരും ചേർന്ന് തറക്കല്ലിട്ടു. ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ പ്രതീകവും ഇന്ത്യൻ സമൂഹം ഓസ്ട്രേലിയക്കു നൽകുന്ന സംഭാവനകൾക്കുള്ള അംഗീകരവുമാണിതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

പടിഞ്ഞാറൻ സിഡ്നിയിലെ പാരമാറ്റയിലുള്ള ഹാരിസ് പാർക്ക് ദീപാവലിപോലുള്ള ആഘോഷങ്ങൾക്കായി ഇന്ത്യക്കാർ ഒത്തുകൂടുന്ന ഇടമാണ്. 20-ലധികം ഇന്ത്യൻ ഭക്ഷണശാലകൾ ഇവിടെയുണ്ട്. ഇന്ത്യൻ തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന കടകളും സാംസ്കാരികകേന്ദ്രങ്ങളും ഇവിടെയുണ്ട്.

ഹാരിസ് പാർക്കിന് ‘ലിറ്റിൽ ഇന്ത്യ’ എന്ന് ഔദ്യോഗികമായി പേരിടാനുള്ള ആദ്യ നിർദേശമുണ്ടായത് 2015-ലാണ്. 2021-ലെ സെൻസസ്‌പ്രകാരം ഹാരിസ് പാർക്കിലെ 5043 താമസക്കാരിൽ 45 ശതമാവും ഇന്ത്യയിൽ വേരുകളുള്ളവരാണ്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് ബ്രിസ്‌ബേനിൽ നയതന്ത്രകാര്യാലയം തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സിഡ്‌നിയിലെ കുഡോസ് ബാങ്ക് അറീനയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രഖ്യാപനം. സിഡ്‌നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിലാണ് ഇന്ത്യക്ക് ഇപ്പോൾ നയതന്ത്രകാര്യാലയങ്ങളുള്ളത്.

ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ പരസ്പരവിശ്വാസവും ബഹുമാനവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനുള്ള യഥാർഥകാരണം ഓസ്ട്രേലിയയിലെ ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കുഡോസ് ബാങ്ക് അറീനയിൽ 21,000-ത്തിലേറെപ്പേരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തെ കോമൺവെൽത്ത്, ക്രിക്കറ്റ്, കറി എന്നീ മൂന്നു ‘സി’കൾ (C) നിർവചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “അതിനുശേഷം മൂന്ന് ‘ഡി’കൾ (D) ആയിരുന്നു. ഡെമോക്രസി (ജനാധിപത്യം), ഡയാസ്പറ (പ്രവാസി ഇന്ത്യൻസമൂഹം), ദോസ്തി (സൗഹൃദം) ! അതുകഴിഞ്ഞ് മൂന്ന് ഇകൾ (E) ആയി. എനർജി (ഊർജം), ഇക്കോണമി (സമ്പദ്‌വ്യവസ്ഥ), എജ്യുക്കേഷൻ (വിദ്യാഭ്യാസം) എന്നിവ. എന്നാൽ, ഇന്ത്യ ഓസ്ട്രേലിയ ബന്ധത്തിന്റെ യഥാർഥ ആഴം ഈ സി.ഡി.ഇ.കൾക്ക് അതീതമാണ്” -അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ’ഈ വേദിയിൽ ഞാൻ അവസാനം കണ്ടത് ബ്രൂക്ക് സ്‌പ്രിങ്സ്റ്റീനെയാണ് (അമേരിക്കൻ ഗായകൻ). അദ്ദേഹത്തിനുപോലും പ്രധാനമന്ത്രി മോദിക്കുകിട്ടിയ സ്വാഗതം കിട്ടിയില്ലെന്ന്’ ആൽബനീസ് പറഞ്ഞു. മോദി എയർവെയ്‌സ് എന്നും മോദി എക്സ്പ്രസ് എന്നുമൊക്കെ പേരുമാറ്റിയ ചാർട്ടേഡ് വിമാനങ്ങളിലാണ് അദ്ദേഹത്തെ കാണാൻ കുഡോസ് ബാങ്ക് അറീനയിൽ ആളുകളെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.