
സ്വന്തം ലേഖകൻ: യുകെയിൽ സൈനികരുടെ ത്യാഗം സ്മരിക്കുന്ന വേളയില്‍ വലിയ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടു വന്ന ചാവേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച റിമംബറന്‍സ് ഡേ ആചരണത്തിന് തൊട്ടുമുന്‍പ് ലിവര്‍പൂള്‍ മറ്റേണിറ്റി ആശുപത്രിക്ക് പുറത്താണ് ചാവേര്‍ കാറിനുള്ളില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ ടാക്സി ഡ്രൈവര്‍ കാറില്‍ പൂട്ടിയിട്ടു കുടുക്കുകയായിരുന്നു.
ഞായറാഴ്ച ലിവര്‍പൂളിലെ മറ്റേണിറ്റി ആശുപത്രിക്ക് പുറത്തുവെച്ചാണ് കാര്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. രാവിലെ 11 നായിരുന്നു സ്ഫോടനം. ഡ്രൈവര്‍ ഡേവിഡ് പെറിക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട കാര്‍ യാത്രക്കാരനെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ പെറിയുടെ ജീവന് അപകടമില്ലെന്നാണ് വിവരം. പൊള്ളലും, ചീളുകള്‍ കുത്തിക്കയറിയ പരുക്കുകളുമാണ് ഏറ്റിട്ടുള്ളതെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
ഒരു മൈല്‍ മാത്രം അകലെയുള്ള ലിവര്‍പൂളിലെ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ 2000 സൈനികരും, മുന്‍ സൈനികരും, മറ്റ് പ്രമുഖരും പങ്കെടുക്കുന്ന റിമംബറന്‍സ് സര്‍വ്വീസ് നടന്നുവരികയായിരുന്നു. യാത്രക്കാരന് ഡേവിഡിനോട് കത്തീഡ്രലിലേക്ക് പോകാനാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ഒരു സുഹൃത്ത് മെയിലിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇതായിരുന്നു ലക്ഷ്യകേന്ദ്രമെന്നാണ് കരുതുന്നത്. എന്നാല്‍ കനത്ത ട്രാഫിക്കില്‍ പെട്ടതോടെ പകരമായി ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
യാത്രക്കാരനെ കാറില്‍ പൂട്ടിയിട്ടാണ് ഡ്രൈവര്‍ അപകടം ഒഴിവാക്കിയതെന്ന് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാരന് ദുരൂഹമായി പെരുമാറുന്നത് ശ്രദ്ധിച്ചാണ് ഡേവിഡ് പെറി ഈ നിലപാട് സ്വീകരിച്ചതെന്ന് മറ്റൊരു സുഹൃത്ത് ഓണ്‍ലൈനില്‍ കുറിച്ചു.
സംഭവത്തില്‍ മൂന്ന് പുരുഷന്മാരെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 29, 26, 21 പ്രായമുള്ള മൂന്ന് പേരെ നഗരത്തിലെ കെന്‍സിംഗ്ടണ്‍ ഏരിയയില്‍ തടഞ്ഞുവെച്ചതായി കൗണ്ടര്‍ ടെററിസം പോലീസിലെ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ പറഞ്ഞു.
സ്ഫോടനത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മെഴ്സിസൈഡ് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു. സുരക്ഷാ സേവനമായ MI5 ഉം സഹായിക്കുന്നു. സെഫ്റ്റണ്‍ പാര്ക്കിന് സമീപമുള്ള റട്ട്ലാന്‍ഡ് അവന്യൂവിലെയും കെന്‍സിംഗ്ടണിലെ ബോലെര്‍ സ്ട്രീറ്റിലെയും വസ്തുവകകളില്‍ സായുധ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ റട്ട്ലാന്‍ഡ് അവന്യൂവിലെ വസ്തുവിന് പുറത്ത് തുടരുന്നു. പോലീസ് സ്ഥലത്തുണ്ട്, അഗ്നിശമന സേനാംഗങ്ങള്‍ സജ്ജമാണ്, നിരവധി താമസക്കാരെ ഒഴിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ഹോം സെക്രട്ടറി പ്രീതി പട്ടേലും വിവരങ്ങള്‍ തേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല