1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2024

സ്വന്തം ലേഖകൻ: കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരിച്ചടി പരിഗണിച്ചു പ്രധാനമന്ത്രി സ്ഥാനത്തു നിന്നും റിഷി സുനാകിനെ മാറ്റില്ല. തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്.

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍ . നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലവില്‍ രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്.

ടീസ് വാലീ മേയര്‍ തെരഞ്ഞെടുപ്പില്‍ ബെന്‍ ഹൗച്ചന്‍ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടില്‍ വന്‍ കുറവുണ്ടായെന്നത് പക്ഷെ ചര്‍ച്ചയാവുകയും ചെയ്തു. മേയര്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ചില കൗണ്‍സില്‍ സീറ്റുകളിലും ഇത്തരത്തിലുള്ള വ്യക്തിഗത പരിഗണനയില്‍ വോട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പുതിയ സര്‍ക്കാരിന് ജനപ്രീതി കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിര്‍ണ്ണായക സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലാണ് സുനക് അധികാരത്തിലേറിയത്. അതിനാല്‍ തന്നെ ജനപ്രിയ തീരുമാനങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ടാക്‌സ് വര്‍ദ്ധനവുള്‍പ്പെടെ തീരുമാനങ്ങള്‍ ജനങ്ങളില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

ഇംഗ്ലണ്ടില്‍ ഉടനീളം നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ടോറികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പുറമെ ബ്ലാക്ക്പൂള്‍ സൗത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയവും നേടി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ 58.9% വോട്ടു ശതമാനമാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ക്രിസ് വെബ് നേടിയത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡേവിഡ് ജോണ്‍സന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.

ബ്രക്സിറ്റിനോട് ബന്ധപ്പെട്ട് 2018-ല്‍ രൂപീകൃതമായ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ക്ക് ബച്ചര്‍ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. ടോറി പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വിഹിതത്തില്‍ 32. 1 ശതമാനം കുറവാണ് ടോറി പാര്‍ട്ടിക്ക് ഉണ്ടായത്.

ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി റിഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.