1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2021

സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ കാലയളവിൽ വിമാന യാത്ര മുടങ്ങിയവർക്കു പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ. പണം തിരിച്ചുനൽകുകയോ സൗജന്യമായി യാത്രാ തീയതി മാറ്റി നൽകുകയോ ചെയ്യണമെന്ന വ്യോമയാന വകുപ്പിന്റെ നിർദേശമുണ്ടായിട്ടും ഇക്കൂട്ടർ അത് പാലിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ചില ട്രാവൽ ഏജൻസികളും ഓൺലൈൻ സൈറ്റുകളും പൂട്ടിയതും മാനേജ്മെന്റ് മാറിയതും മൂലം പണം തിരിച്ചുകിട്ടാത്തവരുമുണ്ട്. വ്യോമയാന വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പല എയർലൈനുകളും ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. എന്നാൽ എയർലൈനിൽനിന്ന് മാസങ്ങൾക്കു മുൻപ് പണം വീണ്ടെടുത്ത ട്രാവൽ ഏജൻസികളിൽ ചിലത് ഇക്കാര്യം ഉപഭോക്താക്കളിൽനിന്ന് മറച്ചുവച്ചു. പണം ആവശ്യപ്പെട്ടു ഏജൻസികളെ സമീപിച്ചവർക്കു എയർലൈനിൽനിന്ന് ലഭിച്ചിട്ടില്ലെ മറുപടിയാണ് ലഭിച്ചത്.

സംശയം തോന്നിയ ചിലർ ഇതേ ടിക്കറ്റ് കോപ്പിയുമായി എയർലൈൻ ഓഫിസിൽ നേരിട്ടു എത്തിയപ്പോഴാണ് മാസങ്ങൾക്കു മുൻപ് ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്കു പണം നൽകിയ കാര്യം അറിയുന്നത്. ഏതു അക്കൗണ്ട് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തത് അതേ അക്കൗണ്ടിലേക്കു തന്നെ പണം എയർലൈൻ അധികൃതർ തിരിച്ചുനൽകിയിരുന്നു.

ക്രെഡിറ്റ് കാർഡിലൂടെ എടുത്ത ടിക്കറ്റിന്റെ തുക ക്രെഡിറ്റ് കാർഡിലേക്കു തിരിച്ചയച്ചതായും എയർലൈൻ വ്യക്തമാക്കി. ഇക്കാര്യം തെളിവു സഹിതം ഹാജരാക്കിയതോടെ ചില ഏജൻസികൾ വെട്ടിലായി. ഒടുവിൽ അടുത്ത ടിക്കറ്റ് എടുക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.

ഇതേസമയം ഇത്തരം പരാതിയുമായി ഒട്ടേറെ പേർ ദിവസേന എത്തുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അധികൃതർ അറിയിച്ചു. പ്രാദേശിക ട്രാവൽ ഏജൻസിയിൽനിന്നോ സബ് ഏജന്റിൽനിന്നോ ഓൺലൈനിൽനിന്നോ ടിക്കറ്റെടുത്തവർക്കാണ് പണം തിരിച്ചുകിട്ടാതെ വന്നത്.

പ്രമുഖ ട്രാവൽ ഏജൻസികളിൽനിന്ന് നേരിട്ടു ടിക്കറ്റെടുത്തവർക്കും എയർലൈനുകളുടെ വെബ്സൈറ്റിൽനിന്ന് നേരിട്ട് എടുത്തവർക്കും തുക ലഭിക്കുകയോ തീയതി മാറ്റി നൽകുകയോ ചെയ്തു. സബ് ഏജന്റ് വഴി ടിക്കറ്റെടുത്തവരുടെ ടിക്കറ്റ് തുക അവരുടെ അക്കൗണ്ടിലേക്കാണ് കൈമാറുക. ഇവർ അടച്ചുപൂട്ടുകയോ മുങ്ങുകയോ ചെയ്താലും ഉപഭോക്താവിന് പണം ലഭിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.