1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് ചില വിമാനക്കമ്പനികള്‍ മുഖംതിരിക്കുന്നതായി വ്യാപക പരാതി. പ്രവാസി ലീഗല്‍ സെല്‍ (പി.എൽ.സി) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി ടിക്കറ്റ് തുക പൂര്‍ണമായും ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്ന വിധിയാണ് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും വിവിധ രാജ്യക്കാരും ഏറെ ആശ്വാസത്തോടെയാണ് വിധിയെ കണ്ടത്.

എന്നാല്‍, ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുന്നവരോടുള്ള വിമാന കമ്പനികളുടെ സമീപനം നിരാശയുളവാക്കുന്നതാണെന്ന് പി.എൽ.സി യു.എ.ഇ കണ്‍ട്രി ഹെഡ് ശ്രീധരന്‍ പ്രസാദ് അഭിപ്രായപ്പെട്ടു. സാങ്കേതികതയുടെ പേരില്‍ പണം തിരികെ നല്‍കാന്‍ വിമാന കമ്പനികള്‍ തയാറാകുന്നില്ലെന്ന പരാതിയുമായി നിരവധി പേര്‍ തങ്ങളെ സമീപിച്ചു. കോടതി വിധിയിലെ നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി പണം തിരികെ നല്‍കുന്നത് വൈകിപ്പിക്കുകയും തുകയില്‍ വെട്ടിക്കുറവ് വരുത്താനുമാണ് വിമാന കമ്പനികളുടെ നീക്കം. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ വാദമാണ് വിമാന കമ്പനികള്‍ ഉയര്‍ത്തുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങളും കോടതി പരാമര്‍ശിച്ചിരുന്നു. ഇതിന് വിവിധ സാധ്യതകള്‍ നിര്‍ദേശിച്ച കോടതി 21 ദിവസത്തിനകം ടിക്കറ്റ് തുക തിരികെ നല്‍കണമെന്നും വിധിച്ചു. പ്രവാസി സംഘടനകളും വിവിധ കൂട്ടായ്മകളും ഈ വിഷയം അധികൃതര്‍ക്ക് മുന്നിലെത്തിച്ചെങ്കിലും പി.എൽ.സി പ്രസിഡൻറ്​ അഡ്വ. ജോസ് എബ്രഹാം വിഷയം സുപ്രീംകോടതിയില്‍ എത്തിച്ചതോടെയാണ് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുന്നവര്‍ക്ക് മുഴുവന്‍ പണവും നല്‍കണമെന്ന വ്യക്തമായ വിധി വന്നത്.

വിമാന കമ്പനികള്‍ ഇതിന് ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് നിരാശയുളവാക്കുന്നതാണ്. റീഫണ്ട് നല്‍കുമ്പോള്‍ നിശ്ചിത ശതമാനം ഈടാക്കി ജനങ്ങളുടെ പണം വസൂലാക്കാനാണ് കമ്പനികളുടെ ശ്രമമെന്നാണ് ആരോപണം. വിധിയെ സാങ്കേതികതയുടെ പേരില്‍ നടപ്പാക്കാതിരിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പി.എൽ.സി എന്നും ശ്രീധരന്‍ പ്രസാദ് വ്യക്തമാക്കി.

മഹാമാരിയോടനുബന്ധിച്ച് ബിസിനസ് -തൊഴില്‍ നഷ്​ടങ്ങളില്‍ വിഷമത്തിലായ പ്രവാസികളില്‍ നല്ലൊരു വിഭാഗത്തിന് ആശ്വാസമായാണ് സുപ്രീംകോടതി വിധി വിലയിരുത്തപ്പെട്ടത്. സ്കൂള്‍ അവധി ദിനങ്ങളും മറ്റും മുന്നില്‍കണ്ട് ആയിരങ്ങളാണ് കുടുംബസമേതം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. കൊവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ലോകം ലോക്ഡൗണിലായതോടെ വിമാന സര്‍വിസുകളും റദ്ദാക്കപ്പെട്ടു. ഇതോടെ, മലയാളികളുള്‍പ്പെടെയുള്ള ആയിരങ്ങളുടെ കോടിക്കണക്കിന് രൂപയാണ് വിമാന കമ്പനികളുടെ കൈയിലകപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.