1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2022

സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പാര്‍ട്ടികളുടെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു കൂടുതല്‍ ഭരണകക്ഷി എംപിമാര്‍. മൂന്ന് ടോറി എംപിമാര്‍ കൂടി പരസ്യമായി രംഗത്തെത്തി. താന്‍ നേരത്തെ പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് നല്‍കിയിരുന്നുവെന്ന് മുന്‍ മന്ത്രി തോബിയാസ് എല്‍വുഡ് പറഞ്ഞു. ഒപ്പം ബാക്ക് ബെഞ്ചേഴ്‌സ് ആയ ആന്റണി മംഗ്‌നാലും സര്‍ ഗാരി സ്ട്രീറ്ററും ചേര്‍ന്നു.

അവിശ്വാസത്തിന് നേരത്തെ 17 ടോറി എംപിമാര്‍ കത്ത് നല്‍കിയതായി ബിബിസി പറയുന്നു. ഇതില്‍ ഒമ്പത് പേര്‍ മാത്രമാണ് ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചത്. 1922 ബാക്ക്ബെഞ്ച് കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് മാത്രമേ കൃത്യമായ കണക്ക് അറിയൂ.

പാര്‍ട്ടിയില്‍ നേതൃത്വത്തിനായി വോട്ടെടുപ്പ് നടത്താന്‍ 54 എംപിമാരെങ്കിലും സര്‍ ഗ്രഹാമിന് കത്തെഴുതേണ്ടതുണ്ട്. പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്ന എംപിമാര്‍ക്കെതിരെ കള്‍ച്ചറല്‍ സെക്രട്ടറി നദീന്‍ ഡോറീസ് ആഞ്ഞടിച്ചു.
‘ഇത് സ്വാര്‍ത്ഥമാണ്, ലേബറിന് വേണ്ടി ജോലി ചെയ്യുകയാണ് സ്വന്തം മണ്ഡലത്തിന് വേണ്ടിയല്ല ‘ എന്നാണ് അവര്‍ പറഞ്ഞത്.

ബോറിസിന്റെ രാജി ആവശ്യം ദിവസം കഴിയുംതോറും കൂടി വരുന്നുണ്ട്. ഒരു ഡസന്‍ ടോറി എംപിമാര്‍ മാത്രമാണ് ബോറിസ് പോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ആവശ്യമായ 54 എണ്ണത്തില്‍ കുറവാണെങ്കിലും കൂടുതല്‍ പേര്‍ അവിശ്വാസ കത്തുകള്‍ അയച്ചതായി സ്വകാര്യമായി അവകാശപ്പെട്ടു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ബോറിസിന്റെ രാജി ആവശ്യം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട് . വിമത മന്ത്രിമാരും മുന്‍ മന്ത്രിമാരും സ്യൂ ഗ്രേയുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമോ അല്ലെങ്കില്‍ മേയിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് ശേഷമോ മാത്രമേ തങ്ങളുടെ നീക്കം നടത്താന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ 54 എംപിമാര്‍ മതിയെങ്കിലും പ്രധാനമന്ത്രിയെ പുറത്താക്കുന്നത് ഉറപ്പാക്കാന്‍ 180 പേര്‍ വേണ്ടിവരും.

രാജ്യവും ജനങ്ങളും കര്‍ശനമായ ലോക്ഡൗണിലായിരുന്നപ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന 16 പാര്‍ട്ടികള്‍ തന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ടെന്നും അതില്‍ 12 എണ്ണം ഇപ്പോള്‍ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി. മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മൂന്ന് പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നു. പാര്‍ട്ടിയില്‍ പ​ങ്കെടുത്ത ജീവനക്കാര്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു.

ബോറിസ് ജോണ്‍സണെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാന്‍ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. ജോണ്‍സന് നേരത്തെ പിന്തുണ നല്‍കിയ ടോറി പാര്‍ട്ടിയിലെ എംപിമാര്‍ വരെ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.