1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2022

സ്വന്തം ലേഖകൻ: ഔദ്യോഗിക വസതിയിൽ വിരുന്നുകളും ജന്മദിനാഘോഷവും നടത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്‌ഡൗൺ ചട്ടം ലംഘിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്‌ഡൗൺകാലത്ത് സാമൂഹിക അകലം ഉൾപ്പെടെ നിബന്ധനകൾ കർശനമായി പാലിക്കുന്നതിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് വീഴ്ച വരുത്തിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥ സ്യൂ ഗ്രേ നയിച്ച അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. നിയമം പാലിക്കാൻ ജനങ്ങളോട് ഉത്തരവിടുകയും അതേ നിയമങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് ലംഘിക്കുകയുമായിരുന്നെന്നു കുറ്റപ്പെടുത്തി.

പൊലീസ് അന്വേഷണം നടക്കുന്ന 12 വിരുന്നുകളെപ്പറ്റിയുള്ള വിശദാംശങ്ങൾ നീക്കം ചെയ്ത ശേഷമായിരുന്നു സ്യൂ ഗ്രേയുടെ റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇത് അട്ടിമറി ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. റിപ്പോർട്ട് പൂർണരൂപത്തിൽ പുറത്തുവിടണമെന്ന് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിയിലെ നേതാക്കളും ആവശ്യപ്പെട്ടു. പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ കൈകോർത്താൽ ജോൺസനെതിരെ അവിശ്വാസ പ്രമേയത്തിനും വഴിയൊരുങ്ങും.

റിപ്പോർട്ടിനെ അംഗീകരിക്കുന്നതായും വിരുന്നുകൾ നടത്തിയതിനു ക്ഷമ ചോദിക്കുന്നതായും പാർലമെന്റിൽ അറിയിച്ച ജോൺസൻ പക്ഷേ, രാജി വയ്ക്കില്ലെന്നു തീർത്തു പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം രൂപീകരിക്കുമെന്നും അറിയിച്ചു. പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കാനും എംപിമാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫിസ് വളപ്പിലെ ഉദ്യാനം ഉദ്യോഗസ്ഥരുടെ യോഗങ്ങൾക്കായാണ് ആദ്യമൊക്കെ പ്രയോജനപ്പെടുത്തിയിരുന്നതെങ്കിലും പിന്നീടങ്ങോട്ടു വിരുന്നുവേദിയായി മാറിയെന്നാണ് വിമർശനം.

2020 മേയ് മാസത്തിൽ ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. എല്ലാവരും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ പ്രധാനമന്ത്രി സ്വന്തം വസതിയിൽ മദ്യസൽക്കാരം നൽകിയെന്നും മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽ പറത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ മദ്യപാന പാർട്ടി നടത്തിയതിന്റെ പേരിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പോലും ബോറിസ് ജോൺസണെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ബോറിസ് ജോൺസൺ രാജിവെക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതിനിടെയാണ് 2021 ഏപ്രിൽ 16 നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.