
സ്വന്തം ലേഖകൻ: ലോക്ഡൗൺകാലത്ത് രാജ്യം മുഴുവൻ അടച്ചിട്ടപ്പോൾ ഔദ്യോഗിക വസതിയിൽ പാർട്ടികൾ നടത്തി വാവാദത്തിലായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കുരുക്കു മുറുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. ലോക്ഡൗണിലെ പാർട്ടികളിലൊന്ന് ബോറിസിന്റെ പിറന്നാൾ പാർട്ടിയായിരുന്നു എന്ന് ഡൗണിംങ് സ്ട്രീറ്റ് സമ്മതിച്ചു. ഔദ്യോഗിക യോഗങ്ങൾക്കു ശേഷമുള്ള ചെറിയ ഒത്തുകൂടലുകൾ ആയിരുന്നു നടന്നതെന്ന പ്രധാനമന്ത്രിയുടെ പാർലമെന്റിലെ വിശദീകരണം സാധൂകരിക്കുന്നതല്ല ഡൗണിംങ് സ്ട്രീറ്റിന്റെ പുതിയ വെളിപ്പെടുത്തൽ.
ആദ്യത്തെ ലോക്ഡൗൺ കാലത്ത് ജോൺസന്റെ ജന്മദിനാഘോഷത്തിനായി സ്റ്റാഫ് അംഗങ്ങൾ ഒത്തുകൂടിയെന്നാണ് ഇപ്പോൾ ഡൗണിങ് സ്ട്രീറ്റ് സമ്മതിച്ചിരിക്കുന്നത്. 2020 ജൂൺ മാസത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ ‘ഹാപ്പി ബർത്ത് ഡേ’ പാടി കേക്കും കഴിച്ചാണ് പിരിഞ്ഞത്. പത്തുമിനിറ്റു നേരത്തോളം സ്റ്റാഫിനൊപ്പം ഈ കൂടിച്ചേരലിൽ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. വീടിനുള്ളിൽ രണ്ടാളുകൾക്ക് മാത്രം ഒരുമിക്കാൻ അനുമതിയുണ്ടായിരുന്ന കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ ഇത്തരത്തിൽ പിറന്നാൾ ആഘോഷിച്ചത്.
ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടിന് കാബിനറ്റ് റൂമിലായിരുന്നു സ്റ്റാഫിനൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഈ കൂടിച്ചേരൽ. ഹെഡ്ഫോർഡ് ഷെയറിലെ സ്കൂൾ സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് സർപ്രൈസായാണ് സ്റ്റാഫ് ഈ പിറന്നാൾ പാർട്ടി ഒരുക്കിയിരുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വൈകിട്ട് ഇതിന്റെ തുടർച്ചയായി കുടുംബാംഗങ്ങൾക്കും സ്റ്റാഫിനും മറ്റൊരു വലിയ പാർട്ടിയും നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച് സ്റ്റാഫിനും കുടുംബാംഗങ്ങൾക്കുമായി വൈകുന്നേരം ചെറിയൊരു ഒത്തുചേരൽ മാത്രമാണ് സംഘടിപ്പിച്ചതെന്നാണ് ഇതേക്കുറിച്ച് ഡൗണിംങ് സ്ര്ടീറ്റിന്റെ വിശദീകരണം.
വിവാദം ഉയർന്നപ്പോൾ തന്നെ പാർലമെന്റി ക്ഷമചോദിച്ച് തലയൂരാൻ ശ്രമിച്ച പ്രധാനമന്ത്രി പുതിയ വെളിപ്പെടുത്തലോടെ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരാൻ കാത്തിരിക്കുന്ന പ്രധാനമന്ത്രിക്ക് പുതിയ വെളിപ്പെടുത്തൽ സ്വയം പ്രതിരോധിക്കാവുന്നതിലും വലുതാണ്.
പ്രതിപക്ഷം പ്രധാനമന്ത്രിയടെ രാജി ആവർത്തിച്ച് ആവശ്യപ്പെട്ട് വീണ്ടും രംഗത്തു വന്നുകഴിഞ്ഞു. താനുണ്ടാക്കുന്ന നിയമങ്ങൾ തനിക്കു ബാധകമല്ലെന്നു വിചാരിക്കുന്ന പ്രധാനമന്ത്രിയാണ് നിർഭാഗ്യവശാൽ നമുക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് കീത്ത് സ്റ്റാമർ വിമർശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല