1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2017

സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ശബ്ദ വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ സഭ പാസാക്കിയത്.

ബില്ലില്‍ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും അവ തള്ളിക്കൊണ്ടാണ് ബില്‍ പാസാക്കിയിരിക്കുന്നത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിലും ജീവനാംശം സംബന്ധിച്ചുമാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയത്. അതേസമയം മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിയമന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇത് ചരിത്രപരമായ ദിനമാണെന്നായിരുന്നു ബില്‍ അവതരിപ്പിച്ച് മന്ത്രി അഭിപ്രായപ്പെട്ടത്. ബില്‍ സ്ത്രീകളുടെ അന്തസ് ഉയര്‍ത്താനാണെന്ന് മന്ത്രി പറഞ്ഞു. ബില്ലിനെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. ശരീയത്ത് നിയമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ പോലും മുത്തലാഖിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എന്തുകൊണ്ട് ചെയ്തുകൂടായെന്നും മന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഭയില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ബില്‍ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലില്‍ ചില പോരായ്മകള്‍ ഉണ്ടെന്നും അത് സ്റ്റാന്റിംഗ് കമ്മറ്റിക്ക് പരിഹരിക്കാനാകുമെന്നുമായിരുന്നു ഖാര്‍ഗെയുടെ നിലപാട്.

അതേസമയം ബില്‍ മുസ് ലിം സ്ത്രീകളോടുള്ള അനീതിയാണെന്ന് എഐഎംഐഎം, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.