
സ്വന്തം ലേഖകൻ: രൂപമാറ്റം സംഭവിച്ച്, കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും അതിവേഗം പടർന്നു പിടിക്കുന്നു. പുതിയ സാഹചര്യത്തിൽ ബ്രിട്ടൻ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഇന്നു രാവിലെ മുതൽ ലണ്ടൻ നഗരത്തെയും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെയും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണത്തിലാക്കുകയും ചെയ്തു. വെയിൽസ് ഇന്നു മുതൽ വീണ്ടും ലോക്ക്ഡൗണിലും സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡും കർശന ഗതാഗത നിയന്ത്രണത്തിലുമാണ്.
വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിൽ മ്യൂട്ടേഷന് വിധേയമായ കൊവിഡ് വൈറസ്, ബ്രിട്ടനിൽ പുതിയ രൂപ-ഭാവ മാറ്റങ്ങളോടെ ശക്തിയാർജിച്ചു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വൈറസിന്റെ ഈ പുതിയ രൂപത്തിന് നിലവിലേതിനേക്കാൾ 70 ശതമാനത്തോളം വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. വൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാൻ സാധാരണ മുൻകരുതലുകൾ മതിയാകില്ലെന്നാണ് ബ്രിട്ടീഷ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി തന്നെ പറയുന്നത്.
ഇതിനിടെ ലണ്ടൻ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ടിയർ-4 നിയന്ത്രണങ്ങൾ രോഗവ്യാപനം നിയന്ത്രണത്തിലാകുന്നതു വരെ തുടരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് സൂചന നൽകി. നിലവിൽ ഈ മാസം അവസാനം വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സ്ഥിതിഗതികൾ വാക്സിനേഷനിലൂടെ വരുധിയിലാകുന്നതുവരെ ഇതു തുടരനാണ് സർക്കാരിന്റെ ആലോചന.
ടിയർ-4 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷത്തിനായി മറ്റു സ്ഥലങ്ങളിലേക്ക് പോകാനായി ഇന്നുരാവിലെ ലണ്ടനിലെ വിമാനത്താവളങ്ങളിലും ട്രെയിൻ സ്റ്റേഷനുകളിലും ആളുകൾ തിരക്കുകൂട്ടി. ഇതോടെ അവശ്യ യാത്രകൾ മാത്രം ഉറപ്പുവരുത്താൻ റയിൽവേ സ്റ്റേഷനുകളിലും മറ്റും കൂടുതൽ ട്രാൻസ്പോർട്ട് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല