
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാനും, ഇവരെ പ്രതിരോധിക്കാനുമായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നലെ ഒത്തുകൂടിയത് പതിനായിരങ്ങളാണ്.
പൊലീസിന്റെ വിലക്കുകൾ മറികടന്ന് കൂട്ടംകൂടുന്ന സമരക്കാർ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കോവിഡിന്റെ രണ്ടാം വരവിന് കളമൊരുക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞപ്പോൾ നടത്തുന്ന പ്രതിഷേധക്കൂട്ടയ്മകൾക്കു വരുംദിവസങ്ങളിൽ വലിയ വില നൽകേണ്ടിവരുമെന്ന് ഉറണെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിമ തകർക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇവയുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങിയത് പതിനായിരക്കണക്കിന് തീവ്ര വലതുപക്ഷക്കാരാണ്. ഇവർ പൊലീസിനുനേരെ കുപ്പികളും കൊടിക്കമ്പും പടക്കങ്ങളും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പോലീസിനെ വെട്ടിലാക്കി. ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് നന്നേ വിയർക്കുന്ന കാഴ്ചയാണ് എല്ലായിടത്തും.
അതിനിടെ ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
റാലിയില്‍ ആക്രമിച്ച് കടന്ന വെളുത്ത വർഗക്കാരനെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം.
മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനായാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.
അതിനിടെ കൊവിഡ് മരണങ്ങളിൽ ബ്രസീൽ ഇന്നലെ ബ്രിട്ടനെ മറികടന്നു. മരണനിരക്കിൽ അമേരിക്കയ്ക്കു തൊട്ടുപിന്നിലായിരുന്ന ബ്രിട്ടൻ ഇതോടെ മൂന്നാം സ്ഥാനത്തായി. ഇന്നലെ 181 പേരാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 41,662 ആയി. 294,375 കൊവിഡ് കേസുകളുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രിട്ടൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല