1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് ആദ്യ രണ്ട് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. 31 ദിവസങ്ങളിലായാണ് രണ്ടായിരത്തിലധികം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ജൂൺ 24, 25 ദിവസങ്ങളിലെ പണിമുടക്കുകൾ ആണ് പിൻവലിച്ചത്. പുതിയ ശമ്പള വാഗ്ദാന പ്രകാരം ജീവനക്കാർക്ക് ജനുവരി 01 മുതൽ മുൻകാല പ്രാബല്യത്തോടെ 10% ശമ്പള വർധന ലഭിക്കും. ജൂലൈ മുതലാകും ശമ്പളം ലഭിക്കുക. പിന്നീട് ഒക്ടോബർ മുതൽ 11.5% ശമ്പള വർധനവ് ആണ് ഉണ്ടാവുക.

2024 ൽ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ശമ്പള വർധനവിന് ഒരു ഉറപ്പും നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 4% വർധന അന്നുണ്ടാകും. എന്നാൽ വരും ദിവസങ്ങളിൽ സുരക്ഷ ജീവനക്കാരുടെ യൂണിയനായ യുണൈറ്റഡ് അംഗങ്ങൾ ശമ്പള വാഗ്ദാനത്തിന് അനുകൂലമായി വോട്ട് ചെയ്‌താൽ മാത്രമേ പണിമുടക്ക് പൂർണമായി പിൻവലിക്കൂ. നിരസിച്ചാൽ, ബാക്കിയുള്ള 29 ദിവസത്തെ സമരങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് യുണൈറ്റഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

പണിമുടക്കുകൾ നടന്നാൽ ഹീത്രൂവിലെ 3,5 ടെർമിനലുകളെ ബാധിക്കും. കൂടാതെ എയർപോർട്ട് ക്രൂ ചെക്കുകളിലും തടസ്സം നേരിടും. ഇതു വിമാനത്താവളത്തിൽ നീണ്ട കാത്തിരിപ്പിന് ഇടവരുത്തിയേക്കും. സുരക്ഷാ ജീവനക്കാർ ശമ്പള വാഗ്ദാനം നിരസിച്ചാൽ ജൂൺ 28 മുതൽ 30 വരെയും ജൂലൈ 14 മുതൽ 16 വരെയും തുടർന്നു 21 മുതൽ 24 വരെയും 28 മുതൽ 31 വരെയും പണിമുടക്ക് നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെയും 11 മുതൽ 14 വരെയും 18, 19, 20 തീയതികളിലും പണിമുടക്ക് നടക്കും. തുടർന്നു ഓഗസ്റ്റ് 24 മുതൽ 27 വരെയും പണിമുടക്ക് നടക്കും.

യുകെയിലുടനീളമുള്ള സ്‌കൂളുകൾക്കുള്ള വേനൽ അവധിക്കാലം തുടങ്ങുന്നതിനാൽ തിരക്കേറിയ യാത്രാ കാലയളവിലാണ് പണിമുടക്കുകൾ ഉണ്ടാവുക. മലയാളികളടക്കം ധാരാളമാളുകൾ യാത്രക്ക് തെരഞ്ഞെടുക്കുന്ന സമയമാണ് പണിമുടക്കുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജൂൺ 13 നും 23 നും ഇടയിലാണ് യുണൈറ്റഡ് യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കുക. പണിമുടക്കുകൾ പിൻവലിക്കപ്പെട്ടാൽ വിമാനം റദ്ദാക്കൽ ഉണ്ടാകില്ലെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.