സ്വന്തം ലേഖകൻ: ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. വിഘ്‌നേഷ് പട്ടാഭിരാമന്‍ എന്ന 36-കാരനാണ് ഫെബ്രുവരി 14-ന് നടന്ന അപകടത്തില്‍ മരിച്ചത്. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റെഡിങിലുള്ള വേല്‍ ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് പട്ടാഭിരാമന്‍ മരിച്ചത്. വിഘ്‌നേഷിനെ ഉടനെ റോയല്‍ ബെര്‍ക്ക്ഷെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഷസബ് ഖാലിദി (24) നെ കുറ്റംചുമത്തിയശേഷം മജിസ്ട്രേറ്റിനു മുന്നില്‍ പോലീസ് ഹാജരാക്കി.
പ്രതിയെ സഹായിച്ചെന്നു കരുതുന്ന ഏഴുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിഘ്‌നേഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ധനസഹായമായി സ്വരൂപിച്ച 39000 ബ്രിട്ടീഷ് പൗണ്ട് അദ്ദേഹത്തിന്റെ ഭാര്യയായ രമ്യയ്ക്ക് കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല