
സ്വന്തം ലേഖകൻ: സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും.
10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഒരു പക്ഷേ, ഭാവിയിൽ സ്ഥിരമായി ലണ്ടൻ-കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും. ഈ പ്രത്യേക സർവീസുകളിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
സെപ്റ്റംബർ 4,11,18,25 തിയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും 5,12,19, 26 തിയതികളിൽ തിരിച്ച് കൊച്ചിയിലേക്കുമാണ് സർവീസുകൾ.
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇൻഡോർ തിയറ്ററുകൾ, മ്യൂസിക്-സിനിമാ തിയറ്ററുകൾ എന്നിവ തുറക്കും. 30 പേർ വരെ പങ്കെടുക്കുന്ന വിവാഹ പാർട്ടികൾ അനുവദിക്കും. കായിക മൽസരങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കാണികളെ അനുവദിക്കും. കസീനോകൾ, ബോളിങ് സെന്ററുകൾ, സ്കേറ്റിംങ് റിങ്കുകൾ, സോഫ്റ്റ് പ്ലേ സെന്ററുകൾ എന്നിവയും തുറക്കാം.
ആളുകൾ വളരെ അടുത്തിടപഴകുന്ന ഫേഷ്യൽ പാർലറുകൾ, ഐബ്രോ ത്രെഡിങ് സെന്ററുകൾ, ഐലാഷ് ട്രീറ്റ്മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷൻ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്. മാസ്ക് ധരിച്ചും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവർത്തനം.
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫ്രാൻസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് നാളെമുതൽ ബ്രിട്ടൺ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. നിലവിൽ പാരീസിലും മറ്റും വിനോദയാത്രയിലും ഔദ്യോഗിക യാത്രയിലുമുള്ള ആയിരക്കണക്കിന് ആളുകളെ പുതിയ തീരുമാനം വലയ്ക്കും. ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച ഫ്രാൻസ് ബ്രിട്ടീഷ് യാത്രക്കാർക്കും സമാനമായ ക്വാറന്റൈൻ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
മൊണോക്കോ, മാൾട്ടാ അരൂബ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർക്കും ഇന്നു മുതൽ ക്വാറന്റൈൻ ബാധകമാകും. യൂറോപ്യൻ രാജ്യങ്ങളെയെല്ലാം തന്നെ നേരത്തെ ക്വാറന്റീൻ നിബന്ധനകളിൽ നിന്നും ബ്രിട്ടൻ ഒഴിവാക്കിയിരുന്നെങ്കിലും ജൂലൈ 25 മുതൽ സ്പെയിനിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങളെ ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടുത്തിയത്.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ആവർത്തിച്ച് പിടിയിലായാൽ 3,200 പൗണ്ട് വരെ പിഴ നിശ്ചയിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. പൊതുഗതാഗത സംവിധാനങ്ങളിലോ ഷോപ്പുകളിലോ മാസ്ക് ധരിക്കാതെ പിടിയിലായാൽ 100 പൗണ്ടാണ് സാധാരണ പിഴ. ഇത് 14 ദിവസത്തിനുള്ളിൽ അടച്ചാൽ 50 പൗണ്ടായി കുറച്ചുകിട്ടും. എന്നാൽ മാസ്ക് ധരിക്കാതെ രണ്ടാംതവണ പിടിയിലായാൽ പിഴ 200 പൗണ്ടാകും. പിന്നീട് ഓരോ തവണ പിടിയിലാകുമ്പോഴും പിഴ ഇരട്ടിക്കും. ഇത്തരത്തിൽ മാസ്ക് വിരോധികൾക്ക് 3200 പൗണ്ട് വരെ പിഴ ചുമത്താൻ അനുമതി നൽകുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം.
നോർത്താംപ്റ്റണിൽ പ്രമുഖ സാൻഡ്വിച്ച് കമ്പനിയിലെ 292 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലെസ്റ്റർ, ബ്ലാക്ക്ബേൺ, പ്രിസ്റ്റൺ, അബർഡീൻ, ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ ചിലഭാഗങ്ങൾ, ലങ്കാഷെയർ എന്നിവിടങ്ങളും നിലവിൽ പ്രാദേശിക ലോക്ക്ഡൗണിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല