1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: വന്ദേഭാരത് സർവീസുകൾ പുന:രാരംഭിക്കുമ്പോൾ ലണ്ടൻ-കൊച്ചി സർവീസ് ഒഴിവാക്കിയതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും, സർവീസ് ഉടൻ പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ലണ്ടൻ-കൊച്ചി സർവീസ് ഉടൻ തുടങ്ങണം എന്നാവശ്യപ്പെടുന്ന ഒരു ഓൺലൈൻ പെറ്റീഷനിൽ അഞ്ചു മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് ഒപ്പിട്ടത്.

പ്രധാനമന്ത്രി മോദിക്കു പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ, കേന്ദ്ര വ്യേമയാന മന്ത്രി ഹർദീപ് സിംങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും പരാതി നൽകും. യുക്മ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ മലയാളി സംഘടനകളും വിമാന സർവീസ് ഉടൻ പുന:രാരംഭിക്കണം എന്നാവശ്യമായി രംഗത്തുണ്ട്.

കൊവിഡിന്റെ വകഭേദം സൃഷ്ടിച്ച പുതിയ സാഹചര്യത്തിലായിരുന്നു ലണ്ടൻ-കൊച്ചി വിമാനം ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള എല്ലാ വിമാന സർവീസുകളും രണ്ടാഴ്ച മുമ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. ജനുവരി എട്ടിന് പുന:രാരംഭിക്കുന്ന 15 പ്രതിവാര സർവീസുകളിൽ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യാമയാന മന്ത്രി ഹർദീപ് സിംങ് പുരിയാണ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചത്. നിലവിലെ തീരുമാനപ്രകാരം ജനുവരി 23നു ശേഷമേ കൊച്ചിയിൽനിന്നും നേരിട്ടുള്ള സർവീസ് പുനരാരംഭിക്കാൻ സാധ്യതയുള്ളൂ. എനിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.

സർവീസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത തീരുമാനത്തിൽ കുടങ്ങിപ്പോയവർ നിരവധിയാണ്. അടിയന്ത്ര ആവശ്യങ്ങൾക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. നേരിട്ടുള്ള വിമാന സർവീസ് മനസിൽ കണ്ട് നാട്ടിൽ പോയവരെല്ലാം മടങ്ങിവരാൻ വഴി കാണാതെ വിഷമിക്കുകയാണ്.

മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് ജനുവരി എട്ടുമുതൽ 23 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലെ സർവീസുകൾ. ആഭ്യന്തര സർവീസുകളെ ആശ്രയിച്ച് ഈ നഗരങ്ങളിലെത്തിയാൽ മാത്രമേ കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് മലയാളികൾക്ക് തൽകാലം മടങ്ങിയെത്താനാകൂ.

രാജ്യത്തെ ഒൻപത് നഗരങ്ങളിൽനിന്നായിരുന്നു ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ ഏഴു സർവീസ് നടത്തിയിരുന്ന ഡൽഹിയും നാല് സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽ നിന്നായിരുന്നു. എന്നിട്ടും സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചി പുറത്തായി. പകരം ബാംഗളൂർ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ലിസ്റ്റിൽ ഇടംപിടിക്കകയും ചെയ്തു.

ഓൺലൈൻ പെറ്റീഷൻ ലിങ്ക് താഴെ:

https://www.change.org/p/air-india-resume-the-flights-between-cochin-london

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.