1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ആശ്വാസമായി താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽപെടുത്തി ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ്. അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികളുടെ പ്രധാന ആശ്രയമായ സർവീസ് റദ്ദാക്കിയത്.

ആഴ്ചയിൽ മൂന്നു ദിവസമുള്ള ഈ സർവീസ് ജനുവരി 31നു ശേഷവും തുടരുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. വിവിധ മലയാളി സംഘടനകളും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയും പ്രമുഖ വ്യക്തികളുമെല്ലാം വിമാന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ ഏറ്റവും ഫലപ്രദമായത് ആറായിരത്തിലേറെ ആളുകൾ ഒപ്പിട്ട ഓൺലൈൻ പെറ്റീഷനായിരുന്നു.

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി. നേതാവും ഈസ്റ്റ് ലണ്ടനിലെ സാമൂഹിക പ്രവർത്തകനുമായ സുഭാഷ് ശശിധരൻ നായർ ഓപ്പൺചെയ്ത ഈ ഓൺലൈൻ പെറ്റീഷനിൽ ഒരാഴ്ചയ്ക്കുള്ളിൽ ആറായിരത്തിലധികം ആളുകളാണ് ഒപ്പുവച്ചത്. നിരവധി ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളിലൂടെ പരാതി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

വന്ദേഭാരത് ദൗത്യത്തിനുശേഷവും കൊച്ചി-ലണ്ടൻ സർവീസ് തുടരണമെന്നും ആഴ്ചയിൽ ഒരു സർവീസെങ്കിലും തിരുവനന്തപുരത്തേക്കു കൂടി ആരംഭിക്കണമെന്നും ആവശ്യപ്പെടുന്ന പ്രധാനമന്ത്രി, എയർ ഇന്ത്യ, വ്യേമയാനമന്ത്രാലയം, കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്ക് നൽകിയ ഈ പരാതിക്കൊപ്പം വിവിധ സംഘടനകളുടെയും മത മേലധ്യക്ഷന്മാരുടെയും പരാതി കൂടിയായതോടെ സർവീസ് പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.