1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2023

സ്വന്തം ലേഖകൻ: ലണ്ടനിലെ വീട്ടിൽ നിന്നും പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിലേക്ക്‌ കാറിൽ യാത്ര തിരിച്ച യുകെ മലയാളി ഇന്ന് കൊച്ചിയിൽ എത്തും. യുകെ മലയാളിയും സിനിമാ നിർമാതാവുമായ രാജേഷ് കൃഷ്ണയാണ് ലണ്ടനിൽ നിന്നും കാറിൽ കൊച്ചിയിൽ എത്തുന്നത്. ജൂലൈ 26 ന് ലണ്ടനിലെ ഹൈവിക്കമിൽ നിന്നാണ് യാത്ര തിരിച്ച രാജേഷ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കൊച്ചി കലൂർ സ്റ്റേഡിയം റൗണ്ടിൽ എത്തും.

ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പലരും യാത്രകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാൽ ആ യാത്രകളുടെ കൂട്ടത്തിൽ വ്യത്യസ്തമാമാർന്ന കൈയ്യൊപ്പുകൂടി പതിക്കാന്‍ ആഗ്രഹിച്ചാണ് രാജേഷ് കൃഷ്ണ ഒറ്റയ്ക്ക് യാത്ര ആരംഭിച്ചത്. 20,000 ൽപ്പരം കിലോമീറ്റർ വരുന്ന യാത്രയ്ക്ക് സാഹസികത എന്നതിലുപരി കാൻസർ രോഗികളായ കുട്ടികളോടുള്ള കരുണയുമുണ്ട്.

ലണ്ടനിലെ വീട്ടിൽ നിന്നും ആരംഭിച്ച യാത്ര 55 ദിവസങ്ങൾ കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങൾ ചുറ്റി പത്തനംതിട്ടയിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. എങ്കിലും പ്രതീക്ഷിച്ച ദിവസത്തിന് മുന്നേ എത്താൻ കഴിയുന്ന സന്തോഷത്തിലാണ് രാജേഷ് കൃഷ്ണ. സെപ്റ്റംബർ ആറിന് ബുധനാഴ്ച ഇന്ത്യ, നേപ്പാൾ അതിർത്തി പ്രദേശമായ ബീഹാറിലെ റക്സോളിൽ എത്തിയ രാജേഷ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കർണാടകയിലെ ബെംഗളൂരുവിലെത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചിട്ടുള്ളത്.

യുകെയിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആർഎൻസിസി) എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. 2014 ൽ എട്ടാം വയസ്സിൽ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്മരണാര്‍ഥം ആരംഭിച്ചതാണ് ആർഎൻസിസി. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ ബാധിച്ച കുട്ടികളെ സഹായിക്കുകയെന്നതാണ് ജീവകാരുണ്യ സംഘടനയുടെ പ്രധാന ലക്ഷ്യം.

യുകെയിലെ ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നഴ്‌സിങ്‌ ടീം, തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്റർ എന്നിവിടങ്ങളിൽ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സഹായിക്കുന്നതും ആർഎൻസിസിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. രാജേഷ് കൃഷ്ണയുടെ സുഹൃത്തുക്കളും യുകെ മലയാളികളുമായ ജോൺ നൈനാനും ഭാര്യ ആശ മാത്യുവും ചേർന്നാണ് ആർഎൻസിസിക്ക് തുടക്കം കുറിച്ചത്.

കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടിയും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് യാത്രക്കിടയിൽ സംഭാവനകൾ സ്വീകരിച്ചിരുന്നു. ലണ്ടനില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കാറോടിച്ചുള്ള യാത്രയ്ക്ക് വലിയ ആഘോഷ ആരവങ്ങള്‍ ഒഴിവാക്കിയാണ് രാജേഷ് കൃഷ്ണ തുടക്കം കുറിച്ചത്. വോള്‍വോ എക്‌സി 60യിലാണ് യാത്ര.

വിവിധ യൂറോപ്യൻ രാജ്യങ്ങളിലൂടെ കാറിൽ യാത്ര ചെയ്ത രാജേഷ് തുർക്കി, ഇറാൻ, തുർക്മെനിസ്ഥാൻ, ഉസ്ബകിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന, ടിബറ്റ്, നേപ്പാൾ വഴിയാണ് ഇന്ത്യയിൽ എത്തിയത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പുഴു എന്നിവ ഉൾപ്പടെയുള്ള സിനിമകളുടെ നിർമാണ പങ്കാളിയായ രാജേഷ് കൃഷ്ണ മുൻ മാധ്യമ പ്രവർത്തകനാണ്.

പത്തനംതിട്ട വാര്യാപുരം തോട്ടത്തില്‍ കൃഷ്ണപിള്ളയുടെയും രമാഭായിയുടെയും മകനായ രാജേഷ് കൃഷ്ണയും ഭാര്യ അരുണ നായരും ദീര്‍ഘ കാലമായി കുടുംബസമേതം യുകെയില്‍ താമസിക്കുകയാണ്. യാത്രയ്ക്കിടെ ലണ്ടനിൽ ജോലി ചെയ്യുന്ന ഭാര്യ അരുണ നായർ രണ്ട് തവണ രാജേഷിനെ തുർക്കി, നേപ്പാൾ എന്നിവിടങ്ങളിൽ വന്നു സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.