
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മിഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസ് (ടി ഹരിദാസ്-70) അന്തരിച്ചു. ബുധനാഴ്ച ലണ്ടനിലെ ടൂട്ടിംങ് സെന്റ് ജോർജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെത്തുർന്നു രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്.
കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ ഒട്ടേറെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഹരിദാസ് ഒഐസിസി യുകെയുടെ കൺവീനറും ലോക കേരള സഭയുടെ പ്രസീഡിയം അംഗവുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ഹിന്ദു ഐക്യവേദി ഉൾപ്പെടെ നിരവധി മലയാളി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
46 വർഷം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സേവനം അനുഷ്ഠിച്ച ഹരിദാസ് 2018 നവംബറിലാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ നിന്നും വിരമിച്ചത്. ബ്രിട്ടനിലെ മലയാളികളുടെയെല്ലാം ഹരിയേട്ടനായിരുന്നു തെക്കേമുറി ഹരിദാസ്. ഓൺലൈൻ സർവീസുകൾ അന്യമായിരുന്ന കാലത്ത് ഹൈക്കമ്മിഷനിലെ എന്തുകാര്യത്തിനും മലയാളികൾ ആദ്യം ആശ്രയിച്ചിരുന്നതും അവരുടെ ഹരിയേട്ടനെയായിരുന്നു.
അതുകൊണ്ടു തന്നെ യുകെ മലയാളികളുടെഅംബാസഡറായി മാറുകയായിരുന്നു അദ്ദേഹം. സർവീസിൽനിന്നും വിരമിച്ച അദ്ദേഹത്തെ ഹൈക്കമ്മിഷനിൽ വോളന്റിയർ സർവീസിനായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘനകളും സോഷ്യൻ മീഡിയ ഗ്രൂപ്പുകളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് മലയാളികൾക്കിടയിൽ ഹരിദാസിൻ്റെ സ്ഥാനം എത്രത്തോളം ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.
ടൂറിസം മേഖലയിലെ സംഭാവനകൾക്കുള്ള ടൂറിസം മാൻ ഓഫ് അവാർഡ് (1999) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്സിന്റെ മാനേജിങ് ഡയറക്ടറാണ്. സെൻട്രൽ ലണ്ടനിലെ മലബാർ ജംഗ്ഷൻ റസ്റ്ററന്റ് ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഗ്രൂപ്പിനു കീഴിലുള്ളത്. ഗ്ലോബൽ കേരളാ ഫൗണ്ടേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും നോർക്കയുടെ ഫോളോ അപ് കമ്മിറ്റി മെംബറുമായിരുന്നു.
ഗുരുവായൂർ സ്വദേശിയായ ഹരിദാസ് കുടുംബ സമേതം ലണ്ടനിലെ സറൈയിലുള്ള സട്ടണിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ –ലത തിരുവനന്തപുരം സ്വദേശിനിയാണ്. നാലു മക്കളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല