1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2021

സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.

യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.

ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.