1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ചെടുത്ത ആഭരണങ്ങളുമായെന്ന് പുതിയ വെളിപ്പെടുത്തല്‍. യാത്ര ചെലവിന് പണമുണ്ടാക്കാനാണ് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ വകയായുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം അവിശ്വസനീയമാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

യാത്രക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഒരു ട്രാവല്‍ ഏജന്റിന് എകദേശം 1,000 പൗണ്ട് കൈമാറിയതായി പോലീസ് പാര്‍ലമെന്റ് ഹോം അഫയേഴ്‌സ് കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളുടെ കൈയ്യില്‍ ഇത്രയും പണം ഉണ്ടാവണമെങ്കില്‍ അത് മൂന്നു പേരില്‍ ഒരാളുടെ കുടുംബ വക ആഭരണങ്ങള്‍ മോഷ്ടിച്ചെടുത്ത് വിറ്റിട്ടായിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുവരെ 26 ബ്രിട്ടീഷ് യുവതികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇവരെല്ലാവരും തന്നെ ഭീകരവാദികളുടെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി തെളിവുകളില്ല.

കദീസ സുല്‍ത്താന, ഷമീമ ബീഗം, അമീറാ അബാസ് എന്നിവരാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയില്‍ എത്തി എന്ന് കരുതപ്പെടുന്നത്. മൂന്നു പേരേയും ടര്‍ക്കി, സിറിയന്‍ അതിര്‍ത്തിയില്‍ കണ്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം തന്റെ മകള്‍ ഭീകരവാദത്തിന് ഇരയാവുകയായിരുന്നു എന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് കമ്മിറ്റി മുമ്പാകെ ബോധിപ്പിച്ചു. ഒളിച്ചോടിപ്പോയ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ നിന്നാണ് മറ്റൊരു പെണ്‍കുട്ടി ഡിസംബറില്‍ സിറിയയിലേക്ക് പോയത്. തുടര്‍ന്ന് പോലീസ് മൂന്നു പെണ്‍കുട്ടികളേയും ചോദ്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് തന്റെ മകളെ ഭയപ്പെടുത്തി എന്നാണ് രക്ഷിതാവിന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.