1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ ലണ്ടൻ നഗരം ഇന്നു മുതൽ ടിയർ 3 നിയന്ത്രണത്തിൽ. ഇതോടെ ക്രിസ്മസ് വരെയുള്ള പത്തു ദിവസം നഗര ജീവിതം കടുത്ത നിയന്ത്രണത്തിലാകും. എങ്കിലും നഗരാതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി നേരത്തെ അടയ്ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.

മഹാനഗരത്തിനു കീഴിൽ വരുന്ന 32 ലോക്കൽ കൗൺസിലുകളും സൗത്ത് ആൻഡ് വെസ്റ്റ് എസെക്സിലെ ബാസിൽഡൺ, ബ്രന്റ് വുഡ്, ഹാർലോ, എപ്പിംങ് ഫോറസ്റ്റ്, കാസിൽ പോയിന്റ്, റോക്ക്ഫോർഡ്, മാൽഡൺ, ബ്രയിൻ ട്രീ, ചെംസ്ഫോർഡ്, തറോക്ക്, സൌത്ത് എൻഡ് ഓൺ സീ എന്നീ കൌൺസിലുകളും ഹെഡ്ഫോർഡ് ഷെയറിലെ ഏതാനും പ്രദേശങ്ങളുമാണ് ഇന്നു മുതൽ പുതിയതായി ടിയർ ത്രീ നിയന്ത്രണത്തിലാകുന്നത്. മരണനിരക്കും രോഗവ്യാപനവും അതിവേഗം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

ബാറുകൾ, പബ്ബുകൾ, കഫേകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഹോസ്പിറ്റാലിറ്റി സെക്ടറിനെയാണ് ടിയർ ത്രീ നിയന്ത്രണങ്ങൾ കൂടുതലായും ബാധിക്കുക. അത്യാവശ്യം വേണ്ട യാത്രകൾക്ക് മാത്രമാകും അനുമതി. സ്പോർട്സ് ഇവന്റുകളും ഇൻഡോർ എന്റർടെയിന്റുമെന്റുകളും, ലെഷർ സെന്ററുകളും നിരോധിക്കും.

പാർക്കുകളിലും ബീച്ചിലും മറ്റു തുറസായ സ്ഥലങ്ങളിലും പരമാവധി ആറുപേർക്കാകും കൂട്ടംകൂടാൻ അനുമതി. സ്വന്തം കുടുംബാംഗങ്ങളോ സോഷ്യൽ ബബിൾസോ ആണെങ്കിൽ മാത്രമാകും വീടിനുള്ളിൽ ഒരുമിക്കാൻ അനുമതിയുണ്ടാകുക.

ഇതിനിടെ ലണ്ടനിലുൾപ്പെടെ ബ്രിട്ടന്റെ പല ഭാഗത്തും ഇപ്പോൾ വ്യാപിക്കുന്നത് കൊവിഡിന്റെ രൂപമാറ്റം വന്ന വൈറസാണെന്ന കണ്ടെത്തൽ ശാസ്ത്രലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് ഇരയാകുന്നത് ഏറെയും കുട്ടികളാണെന്ന റിപ്പോർട്ടുകളും ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ഊർജിതമായി നടക്കുന്നതിനിടെയാണ് ആശ്വാസങ്ങൾക്കുമീതെ ആശങ്കവിതച്ചുള്ള ഈ കണ്ടെത്തൽ. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ ടിയർ ത്രീ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചതും ഇതാണ്.

ലണ്ടൻ, എസെക്സ്, കെന്റ്, ഹെഡ്ഫോർഡ്ഷെയർ എന്നിവിടങ്ങളിൽ അതിവേഗം രോഗവ്യാപനം വർധിക്കുമ്പോൾ നേരത്തെ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മാഞ്ചസ്റ്റർ, ലിവർപൂൾ നഗരങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.