1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

സ്വന്തം ലേഖകൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽനിന്നും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്കൊരു ബസ് സർവീസ്. ഭാവനയല്ല, ഭാവിയിൽ യാധാർഥ്യമാകാൻ പോകുന്ന പദ്ധതിയാണിത്. കൊവിഡ് പ്രതിസന്ധി അകലുകയും ആഗോള സാഹചര്യങ്ങൾ കൂടുതൽ മോശമാകാതിരുക്കുകയും ചെയ്താൽ അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000 കിലോമീറ്റർ സഞ്ചരിച്ചാകും ലണ്ടനിൽനിന്നും ബസ് ഡൽഹിയിലെത്തുക. ഇതിലെ സഞ്ചാരികൾക്ക് മുഴുനീളെ യാത്രയ്ക്ക് ടിക്കറ്റെടുക്കാം. അല്ലെങ്കിൽ നാല് സെക്ടറുകളായി തിരിച്ചിട്ടുള്ള റൂട്ടിൽ ഏതെങ്കിലും ഒരു സെക്ടറിൽ മാത്രമായും യാത്രചെയ്യാം. ഹോപ്പ് ഓൺ, ഹോപ്പ് ഓഫ് രീതിയിലാകും സർവീസ് ക്രമീകരിക്കുക.

മോസ്കോ, വിൽനിയസ്, പ്രാഗ്, ബ്രസൽസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങൾ കടന്ന് ഇസ്ബക്കിസ്ഥാനിലെ താഷ്കെന്റും സമർകന്റും വഴിയാകും ബസിന്റെ യാത്ര. വഴിമധ്യേ ഇംഗ്ലീഷ് ചാനലും കാസ്പിയൻ കടലുമൊക്കെ കടക്കാൻ ഫെറി സർവീസിനെ ആശ്രയിക്കും.

ചൈനയിൽ ലേകമഹാദ്ഭുതങ്ങളിൽ ഒന്നായ ചൈനീസ് വൻമതിലും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചാണ് ബസ് റൂട്ട് വിഭാവനം ചെയ്തിട്ടുള്ളത്. ഡൽഹിയിലേക്ക് എത്തുന്നതിനു മുമ്പ് തായ്‌ലാൻഡും മ്യാൻമാറിലെ പഗോഡാസും മറ്റും സന്ദർശിക്കാൻ യാത്രികർക്ക് അവസരം ലഭിക്കും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര.

കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും 2021 ജൂലൈയാണ് സംഘാടകരുടെ മനസിൽ. വിദേശയാത്രകൾക്കുള്ള ഫോറിൻ ഓഫിസ് അഡ്വൈസ് അനുസരിച്ചാകും ഭാവി തീരുമാനങ്ങൾ.

അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന ഇന്ത്യൻ ട്രാവൽ കമ്പനിയാണ് ചരിത്രപരമായ ഈ യാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ് എന്ന നിലയിലിൽ ഇത് ഗിന്നസ് വേൾഡ് റിക്കോർഡ്സിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്സിലും ഇടം നേടുമെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് ഫൗണ്ടർമാരായ സഞ്ജയ് മദാനും തുഷാർ അഗർവാളും വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും അനുമതി നേടി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയുടെ മുഴുവൻ നടപടിക്രമങ്ങളും കമ്പനി ഏറ്റടുത്ത് നടത്തും. ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് സദാസമയവും വണ്ടിയിൽ ഉണ്ടാകും. എല്ലാ സൗകര്യങ്ങളുമുള്ള സുരക്ഷിതമായ ആഡംബര വാഹനമാണ് സർവീസിനായി ഉപയോഗിക്കുക.

1957ൽ ഓസ്വാൾഡ് ജോസഫ് ഗാരോ ഫിഷർ എന്നയാൾ 20 യാത്രക്കാരുമായി ലണ്ടനിൽനിന്നും കൊൽക്കത്തയിലേക്ക് ബസ് സർവീസ് നടത്തിയ ചരിത്രമുണ്ട്. 1957 ഏപ്രിൽ 15ന് ലണ്ടനിൽനിന്നും യാത്ര തിരിച്ച് ബസ് ജൂൺ അഞ്ചിന് കൊൽക്കത്തയിലെത്തി. തിരിച്ച് ഓഗസ്റ്റ് രണ്ടിന് ലണ്ടിനിലേക്ക് പുറപ്പെട്ടു. സിംഗിൾ യാത്രയ്ക്ക് 85 പൗണ്ടും റിട്ടേൺ യാത്രയ്ക്ക് 65 പൗണ്ടുമായിരുന്നു നിരക്ക്. ഫ്രാൻസ്, ഇറ്റലി, യൂഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, പാക്കിസ്ഥാൻ വഴിയുള്ള ആ യാത്രയുടെ ചരിത്രവും പാരമ്പര്യവും കടമെടുത്താണ് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് പുതിയ ഉദ്യമത്തിന് ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.