
സ്വന്തം ലേഖകൻ: യാത്രക്കാരെ വലയ്ക്കാന്‍ രണ്ടു ദിവസം ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ പണിമുടക്കും. ഇന്നും വ്യാഴാഴ്ചയും ആണ് ട്യൂബ് ജീവനക്കാര്‍ പണിമുടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കുന്നത്. ട്യൂബിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ വലയും. സമരം ഭൂരിഭാഗം ട്യൂബ് സര്‍വീസുകളെയും ബാധിക്കും.
റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനില്‍പ്പെട്ട 10,000 അംഗങ്ങളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇവര്‍ 24 മണിക്കൂര്‍ ജോലിയില്‍ നിന്നും വിട്ടു നില്ക്കും. ജോലി, പെന്‍ഷന്‍, തൊഴില്‍ വ്യവസ്ഥ എന്നിവയുടെ സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ രണ്ടു ദിവസം പണിമുടക്കുന്നത്. പതിനായിരത്തിലധികം ജീവനക്കാര്‍ പണിമുടക്കുമായി ജോലി ബഹിഷ്‌ക്കരിക്കുന്നതിനാല്‍ ഈ രണ്ട് ദിവസങ്ങളിലും സര്‍വീസുകള്‍ ഒന്നും തന്നെ ഉണ്ടായേക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കുന്നു. അതിനാല്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ കഴിയുന്നവര്‍ ഈ ദിവസങ്ങളില്‍ വര്‍ക്ക് അറ്റ് ഹോമിലേക്ക് മാറുകയും യാത്ര ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ടിഎഫ്എല്‍ വ്യക്തമാക്കി.
ചൊവ്വയും വ്യാഴവും മാത്രമാണ് സമരമെങ്കിലും ബുധനാഴ്ചത്തേയും വെള്ളിയാഴ്ചത്തേയും സര്‍വീസുകളേയും ഇത് ബാധിച്ചേക്കും. പണം സേവ് ചെയ്യുന്നതിന്റെ ഭാഗമായി ടിഎഫ്എല്‍ 600 സ്റ്റേഷന്‍ പോസ്റ്റുകള്‍ കട്ട് ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും ജോലി നഷ്ടമാവില്ലെന്ന് ടിഎഫ്എല്‍ വ്യക്തമാക്കുന്നു. ഇതാണ് സമരത്തിലേക്ക് നയിച്ച ഒരു കാരണം.
എന്നാല്‍ ആരെയും ജോലിയില്‍ നിന്നും പിരിച്ചു വിടില്ലെന്നും പകരം ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിലേക്ക് ആളുകളെ നിയമിക്കില്ലെന്നും ടിഎഫ്എല്‍ വ്യക്തമാക്കി. പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിരിഞ്ഞു പോകാന്‍ അവസരമൊരുക്കുമെന്നും വ്യക്തമാക്കിയെങ്കിലും ജീവനക്കാര്‍ ഇതില്‍ തൃപ്തരല്ല. സമരം പരിഗണിച്ചു യാത്രക്കാര്‍ ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടിവരും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല