1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2017

സ്വന്തം ലേഖകന്‍: ട്യൂബ് സമരത്തില്‍ വലഞ്ഞ് ലണ്ടന്‍ നഗരം, നിരത്തുകളില്‍ വാഹന പ്രളയവും ഗതാഗത കുരുക്കും. ജീവനക്കാരെ കുറയ്ക്കുന്നതിലും ടിക്കറ്റ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ ട്യൂബ് സമരമാണ് ലണ്ടന്‍ നിവാസികളെ വട്ടംചുറ്റിച്ചത്. നഗരത്തിലെ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളും ഒരുപോലെ പെരിവഴിയില്‍ കുടുങ്ങിയതോടെ സെന്‍ട്രല്‍ ലണ്ടനിലെ ബസുകളിലെല്ലാം ഇന്നലെ രാവിലെയും വൈകുന്നേരവും സൂചി കുത്താന്‍ ഇടമില്ലാത്ത തിരക്കായി. ജനങ്ങള്‍ കാറുകളില്‍ പുറത്തിറങ്ങിയതോടെ നഗരത്തിലെ നിരത്തുകളെല്ലാം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയും ചെയ്തു.

വൈകിട്ട് ആറുവരെയായിരുന്നു സമരമെങ്കിലും രാത്രിയും സര്‍വീസുകള്‍ സാധാരണ നിലയിലായില്ല. നഗരത്തിലെ 160 അണ്ടര്‍ ഗ്രൗണ്ട് ട്രെയിന്‍ സ്റ്റേഷനുകള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ഡിസ്ട്രിക്ട്, സര്‍ക്കിള്‍, പിക്കാഡലി ലൈനുകളില്‍ മാത്രമാണ് വലിയ മുടക്കമില്ലാതെ സര്‍വീസ് നടന്നത്. നാഷണല്‍ റയില്‍ സര്‍വീസുകള്‍ സമരത്തിന്റെ ഭാഗമല്ലായിരുന്നെങ്കിലും നഗരത്തിലെ പല സ്റ്റേഷനുകളിലൂടെയുമുള്ള ഇവയുടെ സര്‍വീസിന് തടസപ്പെട്ടു.

നഗരത്തിലെ ബിസിനസിനെയും ട്യൂബ് സമരം സാരമായി ബാധിച്ചു. ഒറ്റ ദിവസം കൊണ്ട് 300 മില്യണ്‍ പൗണ്ടാണ് ബിസിനസ് മേഖലയ്ക്കുണ്ടായ നഷ്ടമെന്നാണ് വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ അവകാശവാദം. അതേസമയം അനാവശ്യമായ സമരമാണ് യൂണിയനുകള്‍ നടത്തിയതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആരോപിച്ചു. സമരത്തിനു മുതിരാതെ പ്രശ്‌നപരിഹാരത്തിന് യൂണിയനുകള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറാകണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.