1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2023

സ്വന്തം ലേഖകൻ: റെയില്‍ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാരും സമരത്തിന്. ജൂലൈ 23 മുതല്‍ 28 വരെ നീളുന്ന പണിമുടക്ക് സംഘടിപ്പിക്കുമെന്നാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുടെ പേരില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പേരിലാണ് സമരം.

അതേസമയം ജൂലൈ 24, തിങ്കളാഴ്ച പണിമുടക്ക് ഒഴിവാക്കുമെന്ന് ആര്‍എംടി പറയുന്നു. വിവിധ ഗ്രേഡുകളിലുള്ള ജോലിക്കാര്‍ ഓരോ ദിവസവും സമരത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുക. നൂറുകണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതിനിടെയാണ് സമരം. ഇത് ട്യൂബ് സ്‌റ്റേഷനുകളെയും, മെയിന്റനന്‍സിനെയും ബാധിക്കുമെന്ന് യൂണിയന്‍ പറയുന്നു.

‘ഈയാഴ്ചത്തെ സമരങ്ങള്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിനെ സ്തംഭനാവസ്ഥയിലേക്ക് നയിക്കും. ഞങ്ങളുടെ അംഗങ്ങള്‍ ജോലി ചെയ്യുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താനാണ് ഇത്’, ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. 600 ജോലികള്‍ വെട്ടിനിരത്തി, ഞങ്ങളുടെ അംഗങ്ങളുടെ പെന്‍ഷനുകളെ അക്രമിക്കാനുള്ള ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി അംഗീകരിക്കാന്‍ കഴിയില്ല. ടിഎഫ്എല്‍ ബജറ്റ് വെട്ടിയത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ്. എന്നാല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ തകര്‍ക്കുന്ന ടോറി ഗവണ്‍മെന്റ് അജണ്ടയ്ക്ക് എതിരെ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരണം, നേതാവ് പറയുന്നു.

10,000-ലേറെ ജോലിക്കാര്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. എന്നാല്‍ ട്യൂബ് ശൃംഖലയിലെ വിവിധ സെക്ഷനുകളില്‍, വിവിധ ഗ്രേഡ് ജീവനക്കാര്‍ വ്യത്യസ്തമായ ദിനങ്ങളില്‍ സമരത്തിനിറങ്ങുമെന്ന് ആര്‍എംടി വക്താവ് വിശദമാക്കി.

നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) വര്‍ക്കര്‍മാരാണ് ജൂലൈയില്‍ മൂന്ന് ദിവസത്തെ സമരത്തിനൊരുങ്ങുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണിവര്‍ വീണ്ടുമൊരു പണിമുടക്കിനിറങ്ങുന്നത്.

രാജ്യത്തെ 14 റെയില്‍ കമ്പനികളിലെ ആര്‍എംടി അംഗങ്ങള്‍ ജൂലൈ 20, 22, 29 തിയതികളിലായിരിക്കും പണി മുടക്കുകയെന്നാണ് യൂണിയന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുമായും റെയില്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലാണ് സമരം ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നും യൂണിയന്‍ വിശദീകരിക്കുന്നു.

എന്നാല്‍ യൂണിയന്‍ പുതിയ സമരത്തിനിറങ്ങുന്നത് തികച്ചും അനാവശ്യമാണെന്നും തങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ശമ്പള ഓഫര്‍ മെമ്പര്‍മാര്‍ക്ക് നടപ്പിലാക്കാനാണ് യൂണിയന്‍ ശ്രമിക്കേണ്ടതെന്നുമാണ് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ട്രെയിന്‍ ജീവനക്കാര്‍ നടത്തിയ വിവിധ സമരങ്ങള്‍ നെറ്റ് വര്‍ക്കുകളില്‍ വന്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളുമാണുണ്ടാക്കിയിരുന്നത്.

ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ശമ്പള വിഷയത്തില്‍ പുതിയ ഓഫറുകള്‍ പുറപ്പെടുവിക്കാത്തതിനാല്‍ ഗാര്‍ഡുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍, സ്റ്റേഷന്‍ സ്റ്റാഫുകള്‍ എന്നിവരടങ്ങുന്ന തങ്ങളുടെ 20,000ത്തോളം മെമ്പര്‍മാര്‍ ജൂലൈയില്‍ മൂന്ന് ദിവസം പണിമുടക്കുമെന്നാണ് ആര്‍എംടി പറയുന്നത്.

ശമ്പളവര്‍ദ്ധനവ് ലഭിക്കാത്ത പക്ഷം വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രധാനമന്ത്രി റിഷി സുനാകിന്റെ ലക്ഷ്യം പരാജയപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍. സമരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 7.4 മില്ല്യണ്‍ വരുന്ന വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് സമരനേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

ഈ മാസമാണ് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ ആദ്യമായി സമരത്തിന് ഇറങ്ങുന്നത്. ‘ഞങ്ങളുമായി സംസാരിക്കാന്‍ 7.4 മില്ല്യണ്‍ കാരണങ്ങളുണ്ട്’, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഡോ. ഷാനു ദത്ത പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ സമരദുരിതങ്ങളാണ് രോഗികള്‍ നേരിടുന്നത്.

‘ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ, സമരങ്ങളുടെ സുപ്രധാനമായ കാലയളവാണ് കഴിഞ്ഞ എട്ട് മാസങ്ങള്‍’ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു. ഇത് കൂടുതല്‍ വെല്ലുവിളിയായി മാറും, ജൂനിയര്‍ ഡോക്ടര്‍മാരും, അതിന് പിന്നാലെ കണ്‍സള്‍ട്ടന്റുമാരും സമരത്തിന് ഇറങ്ങുകയാണ്. ഇത് വിന്ററിലേക്ക് നീളാന്‍ അനുവദിക്കാന്‍ കഴിയില്ല’, അവര്‍ വ്യക്തമാക്കി.

ശമ്പളത്തര്‍ക്കത്തില്‍ ജൂലൈ 20, 21 തീയതികളിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നത്. പ്രതിവര്‍ഷം 88,000 പൗണ്ട് എന്ന നിലയില്‍ തുടങ്ങുന്ന ശമ്പള ഉത്തേജനം നല്‍കിയെങ്കില്‍ മാത്രമാണ് പണിമുടക്ക് ഒഴിവാക്കുകയെന്ന് ബിഎംഎ കോണ്‍ഫറന്‍സ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.