1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2015

സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയിലെ പൈലറ്റുമാര്‍ പണിമുടക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയാധാരമായി. കമ്പനിയുടെ വിരമിക്കല്‍ നയത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പൈലറ്റുമാരെ സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. മാനേജ്‌മെന്റും സമരക്കാരും തമ്മിലുള്ള തര്‍ക്കം എവിടേയും എത്താത്തതിനാല്‍ സമരം നീളുമെന്നാണ് സൂചന.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും, മ്യൂണിക്കില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന 1,400 വിമാനങ്ങളില്‍ പാതിയോളം റദ്ദക്കിയിട്ടുണ്ട്. ഏതാണ്ട് 80,000 യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ വലഞ്ഞതെന്ന് ലുഫ്താന്‍സ വക്താവ് അറിയിച്ചു.

ബുധനാഴ്ച ഒറ്റ ദിവസ സമരമായി തുടങ്ങിയ പ്രതിഷേധം സമരക്കാര്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. മാനേജ്‌മെന്റ് അനുകൂല മനോഭാവം സ്വീകരിച്ചില്ലെങ്കില്‍ ചരക്കു നീക്കവും നിര്‍ത്തി വക്കാനാണ് സമരക്കാരുടെ നീക്കം.

വെള്ളിയാചയോടെ സമരം മധ്യ, ദീര്‍ഘ ദൂര അന്താരാഷ്ട്ര വിമാന സര്‍വീസുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് പൈലറ്റുമാരുടെ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മാനേജ്‌മെന്റ് പൈലറ്റുമാരുടെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തീരുമാനം എടുത്തിരുന്നു. അതിനു ശേഷം ഇത് പന്ത്രണ്ടാം തവണയാണ് പൈലറ്റുമാരുടെ യൂണിയന്‍ സമരത്തിന് ഇറങ്ങുന്നത്.

സമരത്തെ കുറിച്ച് യാത്രക്കാര്‍ക്ക് എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും മുന്നറിയിപ്പ് നല്‍കിയിരുന്നതായി ലുഫ്താന്‍സാ വക്താവ് അറിയിച്ചു. ലുഫ്താന്‍സയുടെ ഉപ കമ്പനികളായ ജര്‍മ്മന്‍ വിംഗ്‌സ്, യൂറോ വിംഗ്‌സ്, സ്വിസ് ആന്റ് ആസ്ട്രിയന്‍ എയര്‍ലൈന്‍സ് എന്നിവയെ സമരം ബാധിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.