1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2020

സ്വന്തം ലേഖകൻ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചെയർമാനായ പിഐഎഫ്(പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന.

സമീപകാലത്ത് ലുലുവിലെ രണ്ടാമത്തെ വലിയ നിക്ഷേപമാകും ഇത്. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എഡിക്യു കമ്പനി 2 മാസം മുൻപ് 8000 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു.

അതേസമയം, സൌദി നിക്ഷേപത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നു ലുലു അധികൃതർ അറിയിച്ചു. 55,800 കോടി രൂപ വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിൽ കൂടുതൽ മേഖലകളിൽ അടുത്തുതന്നെ വിപുലീകരണ പദ്ധതികൾ ഉദ്ദേശിക്കുന്നുണ്ടെന്നു കമ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. 26 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് പിഐഎഫിനുള്ളത്. റിലയൻസിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും പിഐഎഫ് ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഒരു മാസം മുമ്പ് അബുദാബി സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ‘എ.ഡി.ക്യു.’ 8,000 കോടി രൂപ (110 കോടി ഡോളർ) ലുലു ഗ്രൂപ്പിൽ മുതൽമുടക്കിയിരുന്നു. ലുലുവിന്റെ ഇന്ത്യയിലെയും ഖത്തറിലെയും ഒഴികെയുള്ള ബിസിനസുകളിലേക്കാണിത്. നിലവിൽ സാന്നിധ്യമുള്ള മേഖലകൾക്കു പുറമേ, ഈ ഫണ്ട് ഉപയോഗിച്ച് ജോർദാൻ, മൊറോക്കോ, ഇറാഖ് എന്നിവിടങ്ങളിലും വൻതോതിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും.

അബുദാബി കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സായിദിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷേക്ക് തഹ്നൂൻ ബിൻ സായിദ് ചെയർമാനായുള്ള നിക്ഷേപക സ്ഥാപനമാണ് എ.ഡി.ക്യു.

എ.ഡി.ക്യു., പി.ഐ.എഫ്. എന്നിവയ്ക്കു പിന്നാലെ ഗൾഫ് മേഖലയിൽനിന്ന് കൂടുതൽ മൂലധന നിക്ഷേപം ലുലുവിലേക്ക് എത്തും. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണു സൂചന. കൊവിഡ് കാലത്ത് വൻതോതിൽ നിക്ഷേപം ആകർഷിക്കാൻ കഴിയുന്നത് നേട്ടമാണ്. ലുലു ഗ്രൂപ്പിലും അതിന്റെ ചെയർമാൻ എം.എ. യൂസഫലിയിലും ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങൾക്കുള്ള വിശ്വാസത്തിനു തെളിവാണ് തുടർച്ചയായ ഈ ഫണ്ടിങ്.

ഒമ്പതു രാജ്യങ്ങളിലായി 194 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വൻകിട ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ്‌ വാർഷിക വിറ്റുവരവ്‌. ഗ്രൂപ്പിലെ 58,000 ജീവനക്കാരിൽ 30,000 പേരും മലയാളികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.