1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2021

സ്വന്തം ലേഖകൻ: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരവ്. യുഎഇയുടെ പ്രത്യേകിച്ച്, അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തു നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലിയെ അർഹനാക്കിയത്.

അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽനടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ. സായുധ സേനാ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണു അബുദാബി സർക്കാറിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസം.

1973 ഡിസംബർ 31നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യുഎഇയിൽ എത്തിയത്. ഏറെ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടു. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോടും പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നു.

ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യുഎഇ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാർഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ബഹുമതി പ്രവാസി സമൂഹത്തിനു സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

യൂസഫലിയെ കൂടാതെ മൂന്നു വനിതകൾ ഉൾപ്പെടെ 11 പേർക്കാണു വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കു രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതി ലഭിച്ചത്. ഈ വർഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.