1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13നു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. യൂസഫലിയുടെ മരുമകനും അബുദാബി ബുർജിൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിലാണു ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയിൽ എത്തിച്ചു തുടർചികിത്സ ഏകോപിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ നേരിട്ടു വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാർഥനകൾക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാർ പറഞ്ഞു.

ഇൗ മാസം 12ന് രാവിലെ 9ന് കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനടുത്താണു ഹെലികോ‌പ്റ്റർ അപകടമുണ്ടായത്. ഹ്രസ്വസന്ദർശനത്തിനായി നാട്ടിലെത്തിയ യൂസഫലിയും ഭാര്യയും തൊട്ടടുത്തെ ആശുപത്രിയിൽ ചികിത്സിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായിരുന്നു കൊച്ചിയിലെ വീട്ടിൽ നിന്നു ലുലു ഗ്രൂപ്പിന്‍റെ ഹെലികോപ്റ്ററിൽ യാത്ര തിരിച്ചത്.

കാലാവസ്ഥ പെട്ടെന്ന് മാറുകയും ശക്തമായ മഴ പെയ്യുകയും ചെയ്തതിനെ തുടർന്നു ഹെലികോപ്റ്ററിന് യന്ത്രത്തകരാർ സംഭവിച്ചപ്പോൾ യാത്രികരുടെയും സമീപവാസികളുടെയും സുരക്ഷയെ കരുതി പരിചയസമ്പന്നനായ പൈലറ്റ് അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഹെലികോപ്റ്റർ ഇറക്കിയത്.

ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററിൽ യൂസഫലിയെയും ഭാര്യയെയും കൂടാതെ രണ്ടു പൈലറ്റുമാരും മറ്റു രണ്ടു ജീവനക്കാരുമുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യൂസഫലിയെ അബുദാബിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.