1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

പുലര്‍ച്ചെ 5.47ന് ആണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. രാഷ്ട്രപതിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയിലേയ്ക്ക് പോകാതെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി മുംബൈയില്‍ തന്നെ തങ്ങിയിരുന്നു.

മഹാരാഷ്ട്ര നിയമസഭയിലെ ആകെ അംഗസംഖ്യ 288 ആണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 145 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്. എന്‍സിപി- 54, ശിവസേന 56, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. എന്‍സിപിയില്‍നിന്ന് അജിത് പവാറിനൊപ്പം 22 എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതോടൊപ്പം സ്വതന്ത്ര എംഎല്‍എമാര്‍ കൂടി ചേര്‍ന്നാലും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം തികഞ്ഞേക്കില്ല. കോണ്‍ഗ്രസ്, ശിവസേന എംഎല്‍എമാരില്‍ ചിലരെക്കൂടി ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിലധികമായി നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനംകുറിച്ചുകൊണ്ട് വെള്ളിയാഴ്ചയോടെ ബി.ജെ.പി. ഇതര, ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയിലെത്തിയിരുന്നു. സംയുക്തപ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നും രാവിലെ പത്രസമ്മേളനം വിളിക്കുമെന്നും ശരദ് പവാര്‍ ഇന്നലെ രാത്രിയോടെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ നേരം പുലര്‍ന്നതോടെ സ്ഥിതിഗതികള്‍ തകിടംമറിയുകയായിരുന്നു.

അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് ബിജെപി നടത്തിയ അവിശ്വസനീയ നീക്കമാണ് രാജ്യംകണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയത്. അജിത് പവാറിനൊപ്പം ഒരു വിഭാഗം എംഎല്‍എമാര്‍ എന്‍ഡിഎയിലേയ്ക്ക് മാറുന്നു എന്നത് ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്ക് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അജിത് പവാര്‍ പിന്തുണ നല്‍കിയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് ഈ തീരുമാനത്തില്‍ പങ്കില്ലെന്നും, അജിത് പവാറിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ശരദ് പവാറിനും അജിത് പവാറിനുമെതിരെ സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ 25,000 കോടി രൂപയുടെ ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.