
സ്വന്തം ലേഖകൻ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്. ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ് ഈ ഫോര്‍മുല മുന്നോട്ട് വെച്ചത്.
ഈ ഫോര്‍മുലയെ എന്‍.സി.പി പിന്തുണക്കുമോ എന്ന് അറിവായിട്ടില്ല. എന്നാല്‍ ശിവസേനയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇന്നലെ ഫലം പുറത്ത് വന്നതിന് ശേഷം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഈ തീരുമാനം അറിഞ്ഞതിന് ശേഷം ശിവസേന ബി.ജെ.പിയുമായുള്ള വിലപേശല്‍ ശക്തമാക്കിയിട്ടുണ്ട്.
രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം പങ്ക് വെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പിന്തുണക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ തികക്കാന്‍ ശിവസേനയ്ക്ക് കഴിയും. ശിവസേന കൂടെയുണ്ടെങ്കിലും കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കാണ് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിയത്. ഇതോടെ തങ്ങളുടെ അവകാശവാദം ശിവസേന മുന്നോട്ടുവച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50-50 ഫോര്‍മുല നടപ്പാക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ 50-50 ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പിലാക്കാനുള്ള സമയമാണെന്നും താക്കറെ പറഞ്ഞു.
ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ച് ബിജെപി കുറച്ച് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചതെന്നും താക്കറെ ഓര്‍മപ്പെടുത്തി. 126 സീറ്റുകളില്‍ മത്സരിച്ച ശിവസേന അമ്പതിലധികം സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള മോഹം ദേവേന്ദ്ര ഫഡ്‌നാവിസ് മറച്ചുവയ്ക്കുന്നില്ല. 15 സ്വതന്ത്ര എംഎല്‍എമാരുമായി ബന്ധപ്പെട്ടെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നുമാണ് ഫഡ്‌നാവിസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല