1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2019

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ശിവസേനയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം വീതം വെക്കണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഉറച്ചുനില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കും.

അതിനിടെ ശിവസേനയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കരുതെന്ന് ആര്‍.എസ്.എസ് ബി.ജെ.പിയോട് നിര്‍ദ്ദേശിച്ചു. അവിശുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും വേണ്ടിവന്നാല്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറെടുക്കാനും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നിര്‍ദ്ദേശിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

“പ്രതിപക്ഷത്തിരുന്നു ജനങ്ങളെ സേവിക്കാന്‍ തയ്യാറാവണം. പക്ഷേ കുതിരക്കച്ചവടം പോലെ ബി.ജെ.പിക്കു ഭാവിയില്‍ ദോഷം വരുന്ന അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാകരുത്,” സേനാ വൃത്തങ്ങള്‍ മുംബൈ മിററിനോടു പറഞ്ഞു.

ഭാഗവതിനോട് വിഷയത്തില്‍ ഇടപെടാന്‍ സേനാ നേതാവ് കിഷോര്‍ തിവാരി ആവശ്യപ്പെട്ടിരുന്നു. അതേസമയം സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം ശിവസേനയ്‌ക്ക് നൽകുമെങ്കിൽ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്‍കിയ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബിജെപിയുമായുള്ള സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു ബിജെപി നല്‍കിയ വാക്കു പാലിക്കണം. അധികാരം തുല്യമായി പങ്കുവയ്ക്കണം. ഇതിനായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണ്. രണ്ടര വര്‍ഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ തയ്യാറാണെങ്കില്‍ ബിജെപിക്ക് എന്നെ വിളിക്കാം. അല്ലെങ്കില്‍ വേണ്ട,” താക്കറെ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.