1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ശിവസേനയും എൻ.സി.പിയും. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടത്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എണ്ണം അംഗങ്ങൾ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ശരത് പവാർ പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്ന കാര്യം അറിയാമായിരുന്നു. ബി.ജെ.പിക്കൊപ്പം ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നു. അജിത് പവാറും മൂന്ന് വിമത എം.എൽ.എമാരും പാർട്ടിയെ വഞ്ചിക്കുകയാണുണ്ടായത്. പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി പാർട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരത് പവാർ പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ ശിവസേനയും ബി.ജെ.പിയും കോൺഗ്രസും ചേർന്നുനിൽക്കുമെന്നും ബി.ജെ.പിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബി.ജെ.പി ഭരണഘടനയെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുകയാണ് ചെയ്തത്. രാജ്യത്തുടനീളം ബി.ജെ.പി നടത്തുന്ന കളികളുടെ ഒരു രൂപം മാത്രമാണിത്. ഹരിയാനയിൽ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തി വിജയിച്ച ദുഷ്യന്ത് ചൗട്ടാലയെ കൂടെനിർത്തിയാണ് അവർ സർക്കാർ രൂപീകരിച്ചത്. ഈ കളി മഹാരാഷ്ട്രയിൽ നടക്കില്ലെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെയും അജിത് പവാറിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബിജെപി ദില്ലിയിലേക്ക് വിട്ട ഒൻപത് എൻസിപി എംഎൽഎമാരിൽ രണ്ട് പേർ കൂടി തിരികെയെത്തി. ദില്ലിയിലേക്ക് പോയ വിമത എംഎൽഎമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബൻസോഡെയും മുംബൈയിൽ എൻസിപി യോഗത്തിനെത്തി.

ദില്ലിക്ക് പോകുന്നവരുടെ ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ഇരുവരും ദില്ലിക്ക് പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മുംബൈയിലെ ലളിത് ഹോട്ടലിൽ ഒളിച്ച് താമസിക്കുകയായിരുന്നു. അതേ ഹോട്ടലിൽ തന്നെയാണ് ശിവസേന എംഎൽഎമാരെയും പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി ശിവസേന നേതാക്കളുടെ കണ്ണിൽ പെട്ടു. ഇതോടെയാണ് ഇരുവരെയും പിടികൂടിയതെന്നാണ് വിവരം. ഇരുവർക്കും മർദ്ദനമേറ്റെന്നും സൂചനയുണ്ട്.

ശിവസേനാ നേതാവ് ഏക്‌നാഥ് ശിണ്ടേയാണ് ഇരുവരെയും കൊണ്ട് വൈബി ചവാൻ സെന്ററിൽ എത്തിയത്. ഇതോടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് പോയ ഒൻപത് എംഎൽഎമാർ തിരികെ എൻസിപി ക്യാംപിലെത്തി. മുംബൈയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന എൻസിപി എംഎൽഎമാരുടെ എണ്ണം 44 ആയി. സംസ്ഥാനത്ത് ആകെ 54 എംഎൽഎമാരാണ് എൻസിപിക്കുള്ളത്. ഇവരിൽ 35 എംഎൽഎമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.