1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. പിന്നാലെ മുമ്പ് മലാല വിവാഹത്തിനെതിരെ സംസാരിച്ച അഭിമുഖങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‌എന്തുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് എതിർത്ത് സംസാരിച്ചിരുന്ന മലാല ഇത്രനേരത്തേ വിവാഹിതയായത് എന്നായിരുന്നു പലരുടെയും ചോദ്യം.

പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് ഒരു പാകിസ്താനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍ വ്യക്തമാക്കി. പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവിനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു.

ചില സ്ത്രീവിരുദ്ധ താലിബാന്‍കാര്‍ മലാലയുടെ വിവാഹത്തില്‍ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു. കാരണം മലാല ഒരു പാകിസ്താനി മുസ്ലീമിനെ വിവാഹം കഴിച്ചു. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹം കഴിക്കരുതെന്നും അവർ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മലാല മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടി, ‘ജൂലായില്‍ അവർക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നെ’ന്നും തസ്ലിമ പരിഹസിച്ചു.

ബ്രിട്ടീഷ് വോ​ഗിന് നൽകിയ അഭിമുഖത്തിലാണ് മലാല മനസ്സു തുറന്നത്. എന്തിനാണ് ആളുകൾ വിവാഹിതരാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ജീവിതത്തിലേക്ക് ഒരാളെ കൂട്ടുന്നതിന് എന്തിനാണ് രേഖകളിൽ ഒപ്പുവെക്കുന്നത് എന്നുമായിരുന്നു മുമ്പ് മലാല പറഞ്ഞത്. തനിക്ക് വിവാഹം കഴിക്കണമെന്ന് താൽപര്യമേ ഇല്ലായിരുന്നു എന്നും ഇപ്പോൾ മൂല്യങ്ങളിൽ ഉറച്ചുകൊണ്ടുതന്നെ ആ വ്യവസ്ഥയെ അം​ഗീകരിച്ചതിനെക്കുറിച്ചും പങ്കുവെക്കുകയാണ് മലാല.

“എനിക്ക് വിവാഹം കഴിക്കണമെന്ന് താൽപര്യമേ ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ മുപ്പത്തിയഞ്ചു വയസ്സു വരെയെങ്കിലും. ബന്ധങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ചോദിക്കുമ്പോൾ ഞാൻ ഇതുമാത്രമാണ് പറഞ്ഞിരുന്നത്. ഞാൻ വിവാഹത്തിന് എതിരെയായിരുന്നില്ല മറിച്ച് ആ ആചാരത്തിന് എതിരെയായിരുന്നു.

വിവാഹം എന്ന വ്യവസ്ഥയുടെ പാട്രിയാർക്കൽ വേരുകളെയും വിവാഹശേഷം സ്ത്രീകൾ ചെയ്യണമെന്നു പറയപ്പെടുന്ന വിട്ടുവീഴ്ചകളെക്കുറിച്ചുമൊക്കെയാണ് ഞാൻ ചോദ്യം ചെയ്തത്. എന്റെ മനുഷ്യത്വവും സ്വാതന്ത്ര്യവും സ്ത്രീത്വവുമൊക്കെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു, അതിനുള്ള ഏക പരിഹാരം വിവാഹത്തെ ഒഴിവാക്കുക എന്നാണ് ഞാൻ ചിന്തിച്ചത്,“ മലാല പറഞ്ഞു.

നോർത് പാകിസ്ഥാനിൽ ഏറെയും വിവാഹം എന്നത് സ്വന്തംകാലിൽ നിൽക്കാനുള്ള മറ്റൊരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങൾ പഠിച്ചില്ലെങ്കിലോ ജോലി നേടിയില്ലെങ്കിലോ നിങ്ങളുടേതായ ഇടം നേടിയില്ലെങ്കിലോ ഏകവഴി വിവാഹം കഴിക്കുക എന്നതാണ്. പരീക്ഷയിൽ പരാജയപ്പെട്ടാൽ അപ്പോൾ പറയും വിവാഹിതരാകൂ എന്ന്. പതിനാലാം വയസ്സിൽ അമ്മയായ ഒരു സുഹൃത്തുണ്ടായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലോ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ ഒക്കെ വിവാഹമായിരുന്നു വീട്ടുകാരൊരുക്കുന്ന പരിഹാരം. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക കഠിനമായിരുന്നു.

എന്നാൽ വിദ്യാഭ്യാസം നേടി അവബോധമുണ്ടാക്കി ശാക്തീകരിക്കപ്പെട്ട് വിവാഹം എന്ന വ്യവസ്ഥയെയും ബന്ധങ്ങളുടെ ഘടനയെയും പുനർനിർവചിക്കാൻ കഴിയുമെന്ന് ചിന്തിച്ചു. എന്റെ സുഹൃത്തുക്കളും മെന്റർമാരും ഇപ്പോഴത്തെ പങ്കാളി അസ്സറുമായുള്ള സംഭാഷണങ്ങൾ എങ്ങനെ എനിക്കൊരു ബന്ധത്തിൽ നിലനിൽക്കാമെന്നും തുല്യത, നീതി, സമ​ഗ്രത തുടങ്ങിയ എന്റെ മൂല്യങ്ങളിൽ സത്യസന്ധമായി തുടരാമെന്നും സഹായിച്ചു. സംസ്കാരം എന്നത് ആളുകൾ ഉണ്ടാക്കുന്നതാണ്. അവർക്കത് മാറ്റുകയും ചെയ്യാം- മലാല പറഞ്ഞു.

അസ്സറിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും മലാല പങ്കുവെക്കുന്നുണ്ട്. 2018ലാണ് അസ്സറിനെ കണ്ടുമുട്ടുന്നത്. ഓക്സ്ഫഡിൽ സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു. അദ്ദേഹത്തിന് എന്റെ നർമബോധം ഇഷ്ടമായി. ഞങ്ങൾ സുഹൃത്തുക്കളായി. ഞങ്ങൾക്ക് സമാനമായ മൂല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുകയും പരസ്പരം സൗഹൃദം ആസ്വദിക്കുകയും ചെയ്തു.

സന്തോഷത്തിലും നിരാശയിലും ഞങ്ങൾ പരസ്പരം താങ്ങായി. അസ്സറിൽ ഒരു നല്ല സുഹൃത്തിനെയും കമ്പാനിയനെയുമാണ് ഞാൻ കണ്ടെത്തിയത്. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് ഇപ്പോഴും എനിക്കുത്തരമില്ല, പക്ഷേ വിവാഹത്തിൽ സൗഹൃദവും സ്നേഹവും തുല്യതയുമൊക്കെ ആസ്വദിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

2012 ഒക്ടോബറിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാൻ തീവ്രവാദികളിൽ നിന്നും വെടിയേറ്റത്. എന്നാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടർചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ൽ നൊബേൽ പുരസ്കാരം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.