1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: തനിക്ക് നേരെ നടന്ന താലിബാന്‍ ആക്രമണത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. താലിബാന്‍ ആക്രമണത്തില്‍ തകര്‍ന്ന തലയോട്ടിയുടെ ഒരു ഭാഗം താനിപ്പോഴും തന്റെ ബുക്ക് ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മലാല പറയുന്നു. തന്റെ പോഡിയത്തിലെഴുതിയ കുറപ്പിലാണ് മലാലയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

“താലിബാന്‍ ഭീകരര്‍ എന്റെ സ്‌കൂള്‍ ബസില്‍ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിര്‍ത്തു. പുരികം തുളച്ച് വെടിയുണ്ട അകത്തേക്ക് കയറി. തലയോട്ടിക്കും തലച്ചോറിനും ക്ഷതമുണ്ടാക്കി. മുഖത്തെ ഞരമ്പുകള്‍ക്ക് കേടുപാടുണ്ടാക്കി. ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശസ്ത്രക്രിയയുടെ പാടുകള്‍ ഇപ്പോഴും എന്റെ പിന്നിലുണ്ട്,“ മലാല പറഞ്ഞു.

ആക്രമണസമയത്ത് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നെന്നും അവര്‍ പറഞ്ഞാണ് ആ ദിവസത്തെ സംഭവങ്ങള്‍ ഞാന്‍ മനസിലാക്കിയതെന്നും മലാല പറയുന്നു. താലിബാന്‍ ആക്രമിച്ച ദിവസം മലാലയുടെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഈ സുഹൃത്താണ്. ഭീകരരെ കണ്ട അന്ന് താന്‍ നിലവിളിക്കുകയോ ഓടിപ്പോവുകയോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് സുഹൃത്ത് പറഞ്ഞതെന്ന് മലാല പറയുന്നു.

“അന്ന് നീ അനങ്ങാതെ നിന്ന് താലിബാന്‍ ഭീകരരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുകയായിരുന്നു. എന്റെ കൈ നീ മുറുകെ പിടിച്ചു. ആ വേദന ദിവസങ്ങളോളം എനിക്കുണ്ടായി. വെടിയേറ്റതിനു പിന്നാലെ മുഖം പൊത്തി എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു,“ സുഹൃത്ത് പറഞ്ഞതായി മലാല പറഞ്ഞു.

പാകിസ്ഥാനിലെ പെഷവാറില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലിലൂടെയാണ് മലാലയുടെ ജീവന്‍ രക്ഷിക്കാനായത്. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മലാലയുടെ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി.

എന്നാല്‍ പിന്നാലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഉടന്‍ തന്നെ പെഷവാറില്‍ നിന്ന് മലാലയെ ഇസ്‌ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കും മാറ്റി. നഴ്‌സ് തന്ന കണ്ണാടിയെടുത്ത് നോക്കിയപ്പോഴാണ് തന്റെ തലയുടെ ഒരുഭാഗം ശൂന്യമാണെന്നും ഒരു വശം മാത്രമാണ് ചലിപ്പിക്കാനാകൂയെന്നതും മനസിലാക്കിയതെന്ന് മലാല പറയുന്നു.

ഒരു ദിവസം വയറിനുള്ളില്‍ കട്ടിയുള്ള എന്തോ തടഞ്ഞുനില്‍ക്കുന്നത് പോലെ, ഡോക്ടര്‍മാരോട് ചോദിച്ചു. ശസ്ത്രക്രിയ ചെയ്ത് നീക്കിയ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്നത് വയറിനുള്ളിലാണെന്നും അത് തിരിച്ചുവയ്ക്കാനായി മറ്റൊരു ശസ്ത്രക്രിയ ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അണുബാധയുടെ സാധ്യത കണക്കിലെടുത്ത് ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം അടച്ചത്,’ മലാല പറയുന്നു.

യഥാര്‍ത്ഥ തലയോട്ടിയുടെ ഭാഗം ഇതിന് ശേഷം തന്റെ പുസ്തകങ്ങളുടെ കൂടെ സൂക്ഷിക്കുകയാണെന്നും മലാല പറഞ്ഞു. 2012 ലാണ് മലാല താലിബാന്റെ ആക്രമണത്തിനിരയായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയ്ക്ക് നേരെ പാകിസ്താനില്‍ വെച്ച് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.