1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2017

സ്വന്തം ലേഖകന്‍: പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകള്‍ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാബന്‍ സക്യ കുടുങ്ങിയത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമീഷണര്‍ വൈശാലി ജാദവ് അറിയിച്ചു.

പുനെ ഹിങ്‌ഗേവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലാണ് സംഭവം. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കൊലപാതകം നടന്നതെങ്കിലും എട്ടു മണിക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. വൈകീട്ട് അഞ്ചിനും ആറരക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയില്‍ യുവതി ജോലി ചെയ്യുന്ന മുറിയുടെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫിസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഓഫീസിലെത്തിയ രസീലക്ക് രാത്രി 11 മണിക്ക് ഡ്യൂട്ടി പൂര്‍ത്തിയാവുക.

ആറു മാസം മുമ്പാണ് ഇന്‍ഫോസിസിന്റെ ബംഗളൂരു കാമ്പസില്‍ നിന്ന് രസീല പുനെ കാമ്പസിലെത്തിയത്. ബംഗളൂരു ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടായിരുന്നു രസീല പ്രൊജക്റ്റ് ചെയ്തിരുന്നത്. വൈകീട്ട് അഞ്ചു മണിയോടെ രസീലയുമായി ബന്ധം നഷ്ടമായതോടെയാണ് സഹപ്രവര്‍ത്തകര്‍ വിവരം പുനെ കാമ്പസിലെ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തന്നെ നിരന്തരം തുറിച്ചു നോക്കിയതില്‍ പരാതിപ്പെടുമെന്നു പറഞ്ഞതിന്റെ വിരോധം തീര്‍ക്കാനാണുകൊല നടത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കി.. കൊല്ലപ്പെടുന്നതിന് തലേദിവസമുണ്ടായ വാക്ക് തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് രസിലയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുണെ പൊലീസാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഓഫീസിലെ വാച്ച്മാനായ ബാബന്‍ സൈലിക്ക രസിലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേദിവസം വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസില താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.

രസീല കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്‍ഫോസിസിലെ ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥയില്‍ നിന്ന് നിരന്തരം ദുരനുഭവങ്ങളുണ്ടായിട്ടുണെ്‌നട്ട് മകള്‍ പറഞ്ഞിരുന്നതായി രസീലയുടെ പിതാവ് രാജു പറഞ്ഞു. തുറിച്ചു നോക്കിയത് ചോദ്യം ചെയ്തതിന് മകളെ കൊന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും പിതാവ് പറഞ്ഞു.

കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ആണ് രാജു. മരണ വിവരമറിഞ്ഞ രാജുവും ബന്ധുവും പുനെയിലേക്ക് തിരിച്ചിട്ടുണ്ട്. രസീലക്ക് ഒരു സഹോദരനുണ്ട്. രസീലയുടെ മരണത്തില്‍ ഇന്‍ഫോസിസ് അനുശോചിച്ചു. രസീലയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേസ് അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.