1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2021

സ്വന്തം ലേഖകൻ: മലയാളം വിലക്കിയതില്‍ മാപ്പു പറഞ്ഞ് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്. നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നതില്‍ ചില രോഗികള്‍ പരാതി നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിക്കുന്നു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നിര്‍ദേശിച്ചത് സദുദ്ദേശ്യത്തോടെയാണ്.

മലയാളത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പരാതി ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഉത്തരവില്‍ മലയാളത്തെ പരാമര്‍ശിച്ചത്. മലയാളത്തില്‍ സംസാരിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന വാചകം ടൈപ്പിങ് പിശകാണെന്നും നഴ്‌സിങ് സൂപ്രണ്ട് വിശദീകരിക്കുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ജൂണ്‍ ആറിന് ഉത്തരവ് പിന്‍വലിച്ചിരുന്നു.
നഴ്‌സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഭാഷാ വിവേചനത്തിനെതിരെ വന്‍ വിമര്‍ശനമാണ് നാനാതുറയില്‍നിന്ന് ഉയര്‍ന്നത്.

ഡല്‍ഹി ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപയ്‌നും നടന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍, മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് മലയാളി നഴ്‌സുമാര്‍ പറഞ്ഞിരുന്നത്. രണ്ടു വര്‍ഷമായി കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്‌സുമാര്‍ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയില്‍തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.