
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യമായി മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ എഫ്എം റേഡിയോ വരുന്നു. ക്യാപിറ്റൽ റേഡിയോ നെറ്റ്‌വർക്കിനു കീഴിലുള്ള പുതിയ എഫ്എം മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ലീഷ്, തഗലോഗ് ഭാഷകളിലും പ്രക്ഷേപണം ചെയ്യും.റിയാദ്, ജിദ്ദ, ദമാം എന്നീ മെട്രോ നഗരങ്ങളിലാണു പ്രാദേശിക ഭാഷാ എഫ്എം ആദ്യഘട്ടത്തിൽ എത്തുന്നത്. ഈ വർഷം ജൂലൈയോടെ ക്യാപിറ്റൽ റേഡിയോ നെറ്റ്‌വർക്ക് റിയാദിലും ജിദ്ദയിലും വിവിധ ഫ്രീക്വൻസികളിൽ പ്രവർത്തനമാരംഭിക്കും.
റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷാ പ്രക്ഷേപണം ഫ്രീക്വൻസി 101.5 ലും മലയാളം പ്രോഗ്രാമുകൾ റിയാദിൽ 101.7 ലും ജിദ്ദയിൽ 104.5 ലും പ്രക്ഷേപണം ചെയ്യും. ഇംഗ്ലീഷിൽ പ്രക്ഷേപണം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വാർത്തകളും വിനോദ പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതിനു സൗദി അറേബ്യൻ മാധ്യമ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു.
എഫ്എം റേഡിയോ പദ്ധതിയിലൂടെ സൗദി വിഷൻ 2030 ന്റെ ഭാഗമായതിനു കമ്പനി സിഇഒ റഹീം പട്ടർകടവൻ സൗദി അധികാരികൾക്ക് നന്ദി പറഞ്ഞു. റിയാദിലെയും ജിദ്ദയിലെയും പ്രവർത്തനം പൂർത്തിയാകുന്നതോടെ എഫ്എം റേഡിയോ തരംഗങ്ങൾ കിഴക്കൻ സൗദി അറേബ്യയിലേക്ക് ഉടൻ എത്തും.
അതിനുശേഷം, രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ക്യാപിറ്റൽ റേഡിയോ നെറ്റ്‌വർക്കിന്റെ സേവനം ലഭ്യമാകും. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി ശ്രോതാക്കൾക്കു സമയബന്ധിതമായ അറിയിപ്പുകളും പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ അവബോധവും നൽകും. റേഡിയോ കൂടാതെ, ഓൺലൈൻ സ്ട്രീമിലും പ്രോഗ്രാമുകൾ കേൾക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല