1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2017

സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി. ഡാന്‍ ബാന്‍ ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സി എം ഐ സഭയ്ക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

മരണകാരണം ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്ന ഫ്യൂണറല്‍ ഡയറക്ടേഷസിനു കൈമാറിയിരുന്നു. പ്രാദേശിക കൗണ്‍സിലില്‍ മരണം രജിസ്റ്റര്‍ ചെയ്തതിനു ശേഷം എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും നാട്ടിലേക്ക് അയയ്ക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളും.

മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനു ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിക്കേണ്ട എന്‍ഒസി യാത്ര രേഖകളും ലഭിക്കേണ്ടതുണ്ട്. ഇത് ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറി കഴിഞ്ഞാല്‍ വിമാനലഭ്യത അനുസരിച്ചു അടുത്ത ദിവസങ്ങളില്‍ തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ക്കുള്‍പ്പടെ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ. റ്റെബിന്‍ പുത്തന്‍പുരക്കല്‍ ആണ് പ്രാദേശിക കൗണ്‍സിലുമായും സ്‌കോട്ടിഷ് പോലീസുമായും ഇന്ത്യന്‍ എംബസിയുമായും ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മൃതദേഹം നാട്ടില്‍ എത്തിച്ചാല്‍ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയില്‍ ആവും സംസ്‌കരിക്കുക. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാലിനാണു ഫാ. മാര്‍ട്ടിനെ കാണാതായത്. സി.എം.ഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാര്‍ട്ടിന്‍ എട്ടുമാസം മുമ്പ് ഒക്ടോബര്‍ മാസത്തിലാണ് ഉപരിപഠനാര്‍ഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.