
സ്വന്തം ലേഖകൻ: പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വീസ ഷാർജ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയുമായ തസ്നിം അസ്ലമിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ ചന്തിരൂർ അൽസനബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളായ തസ്നീം. കഴിഞ്ഞ വർഷം ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് ശരിഅയിൽ ഡിഗ്രിക്ക് ഒന്നാം റാങ്ക് നേടിയിരുന്നു.
ഇപ്പോൾ ഷാർജ യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക കർമശാസ്ത്രത്തിൽ (ഫിഖ്ഹിൽ) ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. 2031 മേയ് 23 വരെ ഇവിടെ താമസിക്കാൻ അനുമതി നൽകുന്ന വീസയാണ് ലഭിച്ചത്. സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ യുഎഇയിൽ നാലാം റാങ്ക് നേടിയിരുന്നു.
ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെയാണ് നാലു വർഷ ബിരുദം പഠിച്ച് 72 രാജ്യങ്ങളിലെ വിദ്യാർഥികളെ പിന്തള്ളി ഒന്നാം റാങ്ക് നേടിയത്. ഷാർജ സർക്കാരിന്റെ നോബിൾ ഖുർആൻ ആൻഡ് സുന്ന ഡിപ്പാർട്മെന്റിൽ അധ്യാപികയുമാണ്. സാമൂഹിക സേവനത്തിലും താൽപര്യമുള്ള തസ്നിം ഷാർജ റെഡ് ക്രസന്റിലെ സജീവ അംഗമാണ്.
ഷാർജ സോഷ്യൽ സർവീസ് വകുപ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിലും സജീവം. അറബിക്കിൽ നല്ല പരിജ്ഞാനമുള്ള തസ്നിം പിതാവ് നടത്തുന്ന അൽ ഹാസിം ടൈപ്പിങ് സെന്ററിൽ പരിഭാഷപ്പെടുത്താനും സഹായിക്കുന്നു. ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ക്ലിനിക് മുൻ ജീവനക്കാരനാണ് പിതാവ് മുഹമ്മദ് അസ്ലം.
ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ അധ്യാപികയായ മാതാവ് അരൂർ ചെട്ടുതറയിൽ സുനിത സെയ്ദ് ആലപ്പുഴ മെഡിക്കൽ കോളജിൽ എംഎൽടി രണ്ടാം റാങ്ക് ജേതാവായിരുന്നു. എമിറേറ്റ്സ് അമേരിക്കൻ സ്കൂൾ അധ്യാപിക സുമയ്യ, ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥി അമൽ എന്നിവർ സഹോദരിമാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല