1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2023

സ്വന്തം ലേഖകൻ: ചാൾസിന്റെ കിരീടധാരണത്തോടു അനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായി മലയാളിയും. പാലക്കാട് സ്വദേശിയായ പ്രഭു നടരാജനാണ് അവാർഡിന് അർഹനായത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ ഉൾപ്പെടുന്ന ബാൻബറി കമ്മ്യൂണിറ്റിയിൽ നിന്നാണ് പ്രഭു കോറോണേഷൻ ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് പ്രഭു.

2020-ൽ ബാൻബറിയിൽ എത്തിയതു മുതൽ പ്രഭു തെരുവിൽ പട്ടിണിയായി അലയുന്ന മനുഷ്യർക്ക് ആഹാരം എത്തിച്ചു നൽകുന്നതിനായി ‘ദ് ലഞ്ച് ബോക്‌സ് പ്രോജക്‌റ്റ്’ എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 14 മുതൽ 103 വയസ്സ് വരെ പ്രായമുള്ളവരിൽ ഒരാളായി പ്രഭു അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. തുടർന്നു കാമില രാജ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന് ജഡ്ജിങ് പാനലാണ് അവർഡിന് അർഹരായ 500 പേരുടെ അന്തിമ പട്ടിക തയാറാക്കുന്നതിന് നേതൃത്വം നൽകിയത്.

അവാർഡിന് അർഹരായ 500 പേർക്കും പ്രത്യേകം രൂപകൽപന ചെയ്ത ഫലകവും ചാൾസും കാമിലയും ഒപ്പിട്ട സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്. ഇതോടൊപ്പം വിജയികളായവർക്ക് കുടുംബത്തോടൊപ്പം കിരീടധാരണ ആഘോഷങ്ങളുടെ ഭാഗമായി മേയ് ഏഴിന് നടക്കുന്ന സംഗീത കച്ചേരിയിൽ പങ്കെടുക്കാൻ ക്ഷണവും ഉണ്ട്. ഭാര്യ ശിൽപയ്ക്കൊപ്പമാണ് പ്രഭു ചടങ്ങിൽ എത്തുക. പ്രഭു പാലക്കാട് ഒലവക്കോട് സ്വദേശിയും ശിൽപ ആലപ്പുഴ സ്വദേശിയുമാണ്. എട്ടു വയസുള്ള അദ്ദുവാണ് മകൻ.

‘കോവിഡ് ലോക് ഡൗൺ സമയത്താണ് ബാൻബറിയിലേക്ക് എത്തിയത്. അപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ആളുകളെ ആകുന്നവിധം സഹായിച്ചു. അതിനു ശേഷമാണ് ലഞ്ച് ബോക്സ്‌ എന്നുള്ള പ്രോജക്ടിലേക്ക് എത്തുന്നത്. അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. ഭാര്യ ശിൽപയുടെയും ഒപ്പം സേവനം ചെയ്യുന്ന വൊളന്റിയേഴ്‌സിന്റെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരം’–അവാർഡ് നേടിയ ശേഷം പ്രഭു നടരാജൻ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.