1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2023

സ്വന്തം ലേഖകൻ: യുകെ നോട്ടിങ്ഹാമിൽ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി നടത്തിയ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കവേ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥി മരിച്ചു. ജുബൽ റെജി കുര്യൻ (23) ആണു മരിച്ചത്. കോട്ടയം വടവാതൂർ സ്വദേശികളും അബുദാബി മലയാളികളുമായ റെജി കുര്യൻ, സൂസൻ റെജി ദമ്പതികളുടെ മകനാണ്. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവേ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഹാർവി ഹാഡൻ സ്‌പോർട്‌സ് വില്ലേജിൽ മാർച്ച്‌ 25 നായിരുന്നു ചാരിറ്റി മത്സരങ്ങൾ ‌നടന്നത്. ജുബലിന് പരിക്കേറ്റതിനെ തുടർന്നു മത്സരങ്ങൾ നിർത്തി വെച്ചിരുന്നു. ഫിസിയോതെറാപ്പിയിൽ ബിരുദ പഠനത്തിനു ശേഷം നോട്ടിങ്ഹാം ട്രെൻഡ് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് ആന്റ് എക്സർസൈസ് മെഡിസിനിൽ മാസ്റ്റർ ബിരുദ പഠനം നടത്തുകയായിരുന്നു ജുബൽ. വെന്റിലേറ്റർ ചികിത്സയിൽ ഗുരുതരാസ്ഥയിൽ തുടരവേ വ്യാഴാഴ്ചയാണു മരിച്ചത്. അബുദാബിയിൽ നിന്നും മാതാപിതാക്കൾ ഉൾപ്പടെയുള്ളവർ നോട്ടിങ്ഹാം ആശുപത്രിയിൽ എത്തിയിരുന്നു. സ്റ്റേസി മിര്യാം കുര്യൻ, ജബൽ റെജി കുര്യൻ എന്നിവരാണ് സഹോദരങ്ങൾ.

ജുബലിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. അകാല മരണം സംഭവിച്ചെങ്കിലും അവയവ ദാനത്തിലൂടെ ജുബൽ നിരവധി പേർക്കു ജീവനായി മാറും. ജുബലിന്റെ മാതാപിതാക്കൾക്ക് ആശ്വാസമായി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെയുള്ളവർ നോട്ടിങ്ഹാമിൽ എത്തിയിട്ടുണ്ട്.

നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകരും തുടർനടപടികളുടെ ക്രമീകരണങ്ങൾക്കായി സഹകരിക്കുന്നുണ്ട്. സംസ്കാരം കോട്ടയം സെന്റ് ലാസറസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടത്തും. സംസ്കാര തിയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.