
സ്വന്തം ലേഖകൻ: യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളികളായ രണ്ടു പേർ വിജയിച്ചു. എജ്യുക്കേഷൻ ഓഫിസർ, വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിൻ മാത്യു, കൊല്ലം അഞ്ചൽ സ്വദേശി അഡ്വ. ബിബിൻ ബോബച്ചൻ എന്നിവർ വിജയിച്ചത്. ഇരുവരും നാട്ടിൽ കെഎസ്‌യു വിലൂടെ കോളജ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരാണ്.
സ്ട്രാറ്റ്ഫോഡ്, ഡോക്ക്‌ലാൻഡ്സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളുള്ള യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തി അയ്യായിരത്തിലധികം വിദ്യാർഥികളാണ് ഇവിടെയുള്ളത്. അശ്വിൻ ബിബിൻ എന്നിവരെ കൂടാതെ ആക്ടിവിറ്റീസ് ആൻഡ് ഓപ്പർച്യൂണിറ്റീസ് ഓഫിസറായി സയ്യിദ് സിറാജുദീൻ, വിവിധ സ്കൂൾ പ്രതിനിധികളായി ജെമിമ അക്കിനോള (ബിസിനസ് ആൻഡ് ലോ), റെബേക്ക റാന്തേ (സൈക്കോളജി) എന്നിവരും വിജയിച്ചു. നാല് സ്കൂളുകളിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഈസ്റ്ററിന് ശേഷം നടക്കും.
യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വർഷമാണ്. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം ഉൾപ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. വിദ്യാർഥി വീസയിൽ എത്തിയവർക്ക് ഒരു വർഷത്തേക്ക് വീസ കാലാവധി നീട്ടി നൽകും. ജനറൽ സ്ഥാനങ്ങളിലേക്ക് വിജയിച്ച അശ്വിൻ, ബിബിൻ എന്നിവർക്ക് 26000 പൗണ്ടാണ് വാർഷിക ശമ്പളമായി ലഭിക്കുക. അതായത് മാസത്തിൽ ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപയിലധികം ശമ്പളം ലഭിക്കും.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഡോക്ക്‌ലാൻഡ്സ് ക്യാംപസിൽ പ്രോജക്ട് മാനേജ്മെന്റിൽ എംബിഎ വിദ്യാർഥിയാണ് അശ്വിൻ മാത്യു. നിലവിൽ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് എജ്യുക്കേഷൻ ഓഫിസറായ ബ്രിട്ടീഷ് യുവതി പിപ്പ ഇവാൻസിനെ തോൽപ്പിച്ചാണ് 341 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അശ്വിൻ വിജയിച്ചത്. 2022 സെപ്റ്റംബറിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ ചേർന്നത്. പഠനത്തോടൊപ്പം ഇക്കഴിഞ്ഞ ജനുവരി മുതൽ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് അംബാസഡർ ആയി പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ സ്ട്രാറ്റ്ഫോഡ് ക്യാംപസിൽ ഇന്റർനാഷനൽ ലോ ആൻഡ് ലീഗൽ പ്രാക്ടീസിൽ എൽഎൽഎം വിദ്യാർഥിയാണ് ബിബിൻ ബോബച്ചൻ. 2023 ജനുവരിയിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ ചേർന്നത്. നാട്ടിൽ ഒരു വർഷത്തോളമായി അഡ്വക്കേറ്റായി പ്രാക്റ്റീസ് നടത്തി വരികയായിരുന്നു. മലയാളികൾ ഉൾപ്പടെ 4 പേർ മത്സരിച്ച വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസർ സ്ഥാനത്തേക്ക് 357 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിബിൻ വിജയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല