സ്വന്തം ലേഖകന്‍: മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍. രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ മാപ്പുനല്‍കിയതോടെയാണ് മൂന്നു വര്‍ഷത്തെ കരാഗൃഹ വാസത്തിനുശേഷം 70 കാരനായ മുന്‍ ഉപപ്രധാനമന്ത്രി പുറംലോകം കണ്ടത്. ജയില്‍ മോചിതനായ ശേഷം ഭാര്യ വാന്‍ അസീസയുമൊത്ത് അന്‍വര്‍ ഇബ്രാഹീം വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു.
‘മലേഷ്യയിലെ ജനങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മതത്തിനും വംശത്തിനും അതീതമായി, ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങള്‍ക്കൊപ്പംനിന്നു. അവര്‍ മാറ്റം ആവശ്യപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
രാജാവ് മാപ്പുനല്‍കി പുറത്തിറങ്ങിയാല്‍ അന്‍വറിനെ പ്രധാനമന്ത്രിയാക്കുമെന്ന് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായ മഹാതീര്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ആറു പതിറ്റാണ്ട് രാജ്യംഭരിച്ച ബാരിസന്‍ നാഷനലിലെ പ്രധാന പാര്‍ട്ടിയായ യുനൈറ്റഡ് മലായ് നാഷനല്‍ ഓര്‍ഗനൈസേഷനില്‍ തനിക്ക് പിറകില്‍ രണ്ടാമനായിരുന്ന അന്‍വര്‍ ഇബ്രാഹീമിനെ 1998ലാണ് മഹാതീര്‍ പുറത്താക്കിയത്.
മഹാതീറിന്റെ പിന്‍ഗാമിയെന്നു കരുതപ്പെട്ടിരുന്ന അന്‍വര്‍ ഇബ്രാഹീമുമായി തെറ്റിപ്പിരിഞ്ഞ മഹാതീര്‍ അദ്ദേഹത്തെ അധികാര ദുര്‍വിനിയോഗവും പ്രകൃതിവിരുദ്ധ പീഡനവും ആരോപിച്ചു ജയിലിലടക്കുകയായിരുന്നു. രണ്ടു ദശകത്തിലേറെയായി ഇരുനേതാക്കളും കടുത്ത ശത്രുതയില്‍ തുടര്‍ന്നു. ഇതിനിടെ 15 വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മഹാതീര്‍ തന്റെ മുന്‍ അനുയായിയായ നജീബ് അബ്ദുറസാഖിന്റെ ഭരണത്തിനെതിരെ ജനവികാരം ശക്തമായപ്പോള്‍ 2016 ല്‍ തന്റെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷനല്‍ ഓര്‍ഗനൈസേഷന്‍ വിട്ട് ബര്‍സാതു എന്ന പാര്‍ട്ടിയുണ്ടാക്കി പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല